ലണ്ടൻ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു; ആക്രമണം നടത്തിയത് ബ്രിട്ടീഷ് പൗരനെന്നു തെരേസ മേയ്; ആക്രമണത്തിലും പതറാതെ ബ്രിട്ടൻ

ലണ്ടൻ: ലണ്ടനിൽ ബ്രിട്ടീഷ് പാർലമെന്റിനു നേർക്കുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഐഎസ് പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഐഎസ് തങ്ങളാണ് പാർലമെന്റ് ആക്രമണം നടത്തിയതെന്നു വ്യക്തമാക്കിയത്. ഐഎസിന്റെ വാർത്താഏജൻസിയാണ് വാർത്താകുറിപ്പ് പുറത്തുവിട്ടത്. അതേസമയം, ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലും പതറാതെ ബ്രിട്ടീഷ് പാർലമെന്റ് സാധാരണനിലയിൽ പ്രവർത്തിച്ചു. അക്രമത്തെ അപലപിച്ച് ലോകനേതാക്കൾ രംഗത്തെത്തി.

കാറിൽ ഒറ്റയ്ക്ക് പാർലമെന്റ് കവാടം വരെയെത്തി ആക്രമണം നടത്തിയത് ബ്രിട്ടീഷ് പൗരൻ തന്നെയാണെന്നു പ്രധാനമന്ത്രി തെരേസ മേയ് പാർലമെന്റിൽ അറിയിച്ചു. എന്നാൽ, ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നതിനാൽ ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന നിലപാടിലാണ് മെട്രോപൊളിറ്റൻ പൊലീസ്.

ആക്രമണം നടത്തിയത് ഏഷ്യൻ വംശജനാണെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, ഇന്നു രാവിലെ ഇതു തിരുത്തി പ്രധാനമന്ത്രി തെരേസ മേയ് തന്നെ രംഗത്തെത്തി. ബ്രിട്ടനിൽ ജനിച്ചയാളാണു പ്രതിയെന്നു മാത്രമാണു പ്രധാനമന്ത്രി തെരേസ മേ ഇന്നുരാവിലെ പാർലമെന്റിൽ പറഞ്ഞത്. അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ബ്രിട്ടനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സംഭവത്തെ അപലപിച്ചും ആക്രമണത്തിന് ഇരയായവരുടെ ബന്ധുക്കളെ അനുശോചനമറിയിച്ചും ലോകനേതാക്കൾ ഒന്നടങ്കം രംഗത്തെത്തി. രാഷ്ട്രപതി പ്രണബ് മുഖർജിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അടക്കമുള്ള ലോകനേതാക്കൾ ബ്രിട്ടനെ അനുശോചനം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തെ അപലപിച്ചു.

ഇന്നലെയാണ് പാർലമെന്റിനു നേർക്ക് ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിൽ സ്ത്രീയും പൊലീസുകാരനുമുൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു. വെടിവയ്പ്പിലടക്കം 40 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പിന്നാലെ അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News