ലോകകപ്പ് യോഗ്യതാ മത്സരം; ഉറുഗ്വേയെ മലർത്തിയടിച്ച് ബ്രസീൽ; ജയം ഒന്നിനെതിരെ നാലു ഗോളുകൾക്ക്; ചിലിയെ തകർത്ത് അർജന്റീന

മോണ്ടെവിഡോ: ഉറുഗ്വേ ഒന്നടിച്ചപ്പോൾ മഞ്ഞപ്പട നാലടിച്ചു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേയെ ബ്രസീലന്റെ മഞ്ഞപ്പട മലർത്തിയടിച്ചു. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്രസീൽ ഉറുഗ്വേയെ തോൽപിച്ചത്. പൗളിഞ്ഞോയുടെ ഹാട്രിക് ആണ് മഞ്ഞപ്പടയ്ക്ക് തകർപ്പൻ ജയം ഒരുക്കിയത്. ഒരു ഗോൾ നേടി നെയ്മറും വിജയത്തിൽ തന്റെ പങ്ക് വഹിച്ചു. ജയത്തോടെ 2018-ൽ റഷ്യയിൽ നടക്കുന്ന ലോകകപ്പിലേക്ക് ലാറ്റിൻ അമേരിക്കയിൽ നിന്ന് യോഗ്യത നേടുന്ന ആദ്യത്തെ ടീമായി ബ്രസീൽ.

മത്സരം തുടങ്ങി ആദ്യത്തെ പ്രഹരം ഉറുഗ്വേ വകയായിരുന്നു. കളി തുടങ്ങി 9-ാമത്തെ മിനിറ്റിൽ ലഭിച്ച പെനാൽറ്റി എഡിൻസൺ കാവനി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു. ചരിത്രം ആവർത്തിച്ച് ഉറുഗ്വേ മഞ്ഞപ്പടയ്ക്കു മേൽ ആധിപത്യം പുലർത്തുമോ എന്നു തോന്നിച്ച നിമിഷങ്ങൾ. എന്നാൽ, സന്തോഷത്തിനു അധികം ആയുസ്സുണ്ടായിരുന്നില്ല. 18-ാമത്തെ മിനിറ്റിൽ ബ്രസീൽ പ്രത്യാക്രമണം തുടങ്ങി. 18-ാം മിനിറ്റിൽ പൗളിഞ്ഞോയിലൂടെ ബ്രസീൽ സമനില പിടിച്ചു. ആദ്യപകുതിയിൽ 1-1നു സമനിലയിൽ.

രണ്ടാം പകുതിയിൽ കുറേക്കൂടി ശക്തരായ ബ്രസീലിനെയാണ് കളത്തിൽ കണ്ടത്. രണ്ടാംപകുതി ആരംഭിച്ചത് പൗളിഞ്ഞോയുടെ ആക്രമണത്തോടെയായിരുന്നു. 51-ാം മിനിറ്റിൽ പൗളിഞ്ഞോ ബ്രസീലിന്റെയും തന്റെയും രണ്ടാമത്തെ ഗോൾ നേടി. അടുത്ത ഊഴം നെയ്മറുടേതായിരുന്നു. 74-ാമത്തെ മിനിറ്റിലാണ് നെയ്മർ ഗോൾ നേടിയത്. ഇൻജുറി ടൈമിന്റെ അവസാന നിമിഷം ഒരു ഗോൾ കൂടി അടിച്ച് പൗളിഞ്ഞോ ഉറുഗ്വേയുടെ പതനം പൂർത്തിയാക്കി.

മറ്റൊരു യോഗ്യതാമത്സരത്തിൽ അർജന്റീന ചിലിയെ തോൽപിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന ചിലിയെ തകർത്തത്. 16-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മെസ്സിയാണ് അർജന്റീനയ്ക്കു വേണ്ടി ഗോൾ നേടിയത്. പിന്നീട് ലീഡുയർത്താനുള്ള അർജന്റീനയുടെ എല്ലാ ശ്രമങ്ങളും പാഴായി. നിലവിലെ കോപ അമേരിക്ക ചാമ്പ്യൻമാരായ ചിലിക്കാകട്ടെ കാര്യമായ പ്രകടനം പുറത്തെടുക്കാനും പറ്റിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News