കെപിസിസി ഇടക്കാല അധ്യക്ഷനെ ചൊല്ലി എ-ഐ ഗ്രൂപ്പുകൾ തമ്മിൽ തർക്കം; സ്വന്തം പ്രതിനിധികൾക്കായി ഹൈക്കമാൻഡിനു മേൽ ഗ്രൂപ്പുകളുടെ സമ്മർദ്ദം

ദില്ലി: കെപിസിസി ഇടക്കാല അധ്യക്ഷനെ നിയമിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചു. ഇതോടെ നിയമനത്തെ ചൊല്ലി തർക്കവും ആരംഭിച്ചു. അധ്യക്ഷസ്ഥാനത്തിനായി എ-ഐ ഗ്രൂപ്പുകൾ തമ്മിൽ തർക്കം ഉടലെടുത്തിരിക്കുകയാണ്. സ്വന്തം പ്രതിനിധികൾക്കായി എ-ഐ ഗ്രൂപ്പുകൾ ഹൈക്കമാൻഡിൽ സമ്മർദ്ദം ആരംഭിച്ചിട്ടുണ്ട്. അധ്യക്ഷ സ്ഥാനത്തിനായി ചരടുവലികളുമായി കെ.വി തോമസും പി.ടി തോമസും സജീവമായി രംഗത്തുണ്ട്.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകൾ ഉയർത്തിക്കാട്ടി അധ്യക്ഷസ്ഥാനത്തിനായി സമ്മർദ്ദം ചെലുത്താനാണ് എ ഗ്രൂപ്പിന്റെ നീക്കം. ഡിസിസി പുനഃസംഘടനയ്ക്കു ശേഷം ഹൈക്കാമാൻഡിനോട് പരസ്യമായ വെല്ലുവിളിയാണ് ഉമ്മൻചാണ്ടിയും എ ഗ്രൂപ്പും നടത്തിയത്. ഹൈക്കമാൻഡിന് താൽപര്യമുണ്ടായിരുന്നിട്ടും കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും വിഎം സുധീരന്റെ രാജി അനിവാര്യമാക്കിയതും എ ഗ്രൂപ്പിന്റെ ഈ നിലപാടാണ്.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ വൻ തിരിച്ചടി കോൺഗ്രസ് ഹൈക്കമാൻഡിനെ ദുർബലപ്പെടുത്തിയത് എ ഗ്രൂപ്പിന് ഇപ്പോൾ കൂടുതൽ ശക്തിപകരുന്നുണ്ട്. അതിനാൽ കെപിസിസി അധ്യക്ഷസ്ഥാനത്തിനായുള്ള എ ഗ്രൂപ്പിന്റെ അവകാശവാദത്തിന് പ്രാധാന്യമേറും. എ ഗ്രൂപ്പിൽ നിന്നും തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കൂടുതൽ സാധ്യത. അല്ലെങ്കിൽ പി.ടി തോമസ് പരിഗണിക്കപ്പെട്ടേക്കും. സാമുദായിക സമവാക്യങ്ങൾക്കു കൂടി പ്രാധാന്യം നൽകിയാകും അന്തിമതീരുമാനമെടുക്കുക.

ഐ ഗ്രൂപ്പും അധ്യക്ഷസ്ഥാനത്തിനായി അവകാശവാദമുന്നയിക്കുന്നുണ്ട്. നിലവിലെ വൈസ് പ്രസിഡന്റ് വി.ഡി സതീശൻ, കെ.സി വേണുഗോപാൽ, കെ.സുധാകരൻ തുടങ്ങിയവർ അധ്യക്ഷപദം ലക്ഷ്യമിട്ട് രംഗത്തുണ്ട്. എന്നാൽ പ്രതിപക്ഷനേതാവ് സ്ഥാനം ഐ ഗ്രൂപ്പിനായതിനായാൽ കെപിസിസി അധ്യക്ഷസ്ഥാനം തങ്ങൾക്ക് തന്നെ ലഭിക്കണമെന്നാണ് എ ഗ്രൂപ്പിന്റെ വാദം. ഹൈക്കമാൻഡിന്റെ തീരുമാനമാണ് അന്തിമമാകുകയെങ്കിലും എ ഗ്രൂപ്പിന്റെ വാദങ്ങൾ ആ തീരുമാനത്തെ സ്വാധീനിക്കുന്നതാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News