വയനാട് യത്തീംഖാനയിൽ ബലാൽസംഗത്തിനിരയായ കുട്ടികളുടെ സഹപാഠി മരിച്ചതിലും ദുരൂഹത; പെൺകുട്ടി കെട്ടിടത്തിൽ നിന്നു വീണു മരിച്ചതിൽ അന്വേഷണം പൊലീസ് അട്ടിമറിച്ചെന്നു ബന്ധുക്കൾ

വയനാട്: വയനാട് യത്തീംഖാനയിൽ കൂട്ടബലാത്സംഗത്തിനിരയായ കുട്ടികളുടെ സഹപാഠിയായ പെൺകുട്ടി മരിച്ച സംഭവത്തിലും ദുരൂഹത. കൗമാരക്കാരിയായ പെൺകുട്ടി ഓർഫനേജ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ അന്വേഷണം പൊലീസ് അട്ടിമറിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. പൊലീസ് അന്വേഷണം തൃപ്തികരമായിരുന്നില്ലെന്നും പൊലീസ് തന്നെ കേസ് അട്ടിമറിച്ചെന്നും മരിച്ച പെൺകുട്ടിയുടെ മാതാവ് പറഞ്ഞു.

2016 ജനുവരി രണ്ടിനാണ് പെൺകുട്ടി യത്തീംഖാന കെട്ടിടത്തിൽ നിന്ന് വീണു മരിച്ചത്. യത്തീംഖാനയ്ക്കു സമീപത്തെ കടയിൽ യുവാക്കൾ കൂട്ടബലാൽസംഗത്തിനിരയാക്കിയ പെൺകുട്ടികളുടെ സഹപാഠിയായിരുന്നു മരിച്ച പെൺകുട്ടി. കെട്ടിടത്തിൽ നിന്ന് വീണുമരിച്ചെന്നായിരുന്നു വീട്ടുകാർക്ക് ലഭിച്ച വിവരം. എന്നാൽ, സംഭവത്തിൽ ദുരൂഹതയുണ്ടായിട്ടും പൊലീസ് അലംഭാവം കാണിച്ചെന്നു മാതാവ് പറയുന്നു.

മരിക്കുന്നതിനു ഒരാഴ്ച മുമ്പ് വീട്ടിലെത്തിയപ്പോൾ കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായി കുട്ടിയുടെ അമ്മ പറയുന്നു. ഇക്കാര്യവും പൊലീസിനെ അറിയിച്ചിരുന്നു. അപകട മരണമായിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. അസ്വഭാവികതയുണ്ടെങ്കിൽ തെളിവ് നൽകാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും മാതാവ് പറയുന്നു.

പെൺകുട്ടിയുടെ മരണത്തോടെ ഒറ്റപ്പെട്ടു പോയ അമ്മ ജമീല ഓട്ടിസം ബാധിച്ച ഇളയകുട്ടിയെ പരിപാലിച്ച് സഹോദരന്റെ വീട്ടിലാണിപ്പോൾ. സംഭവം സംബന്ധിച്ച വസ്തുതകൾ പുറത്തു കൊണ്ടുവരണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News