എയർഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി അടിച്ച ശിവസേന എംപിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി; മോദിയോടു പരാതി പറയുമെന്നു പറഞ്ഞതിനാണ് അടിച്ചതെന്നു ഗെയ്ക്ക്‌വാദ്;മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

ദില്ലി: എയർഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി അടിച്ച ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദിനെ എയർഇന്ത്യ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. മോദിയോടു പരാതി പറയുമെന്നു പറഞ്ഞതിനാണ് എയർഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി അടിച്ചതെന്നു രവീന്ദ്ര ഗെയ്ക്ക്‌വാദ് പറഞ്ഞു. 60കാരനായ സുകുമാർ എന്ന ഡ്യൂട്ടി മാനേജരെയാണ് രവീന്ദ്ര ഗെയ്ക്ക്‌വാദ് എംപി ചെരുപ്പ് കൊണ്ട് അടിച്ചത്. 25 തവണ മർദ്ദിച്ചതായും ഗെയ്ക്ക് വാദ് പറഞ്ഞു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ എഎൻഐ വാർത്താ ഏജൻസി പുറത്തുവിട്ടു. ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാൻ പറ്റാതിരുന്നതിനാണ് ഗെയ്ക്ക്‌വാദ് എയർഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി അടിച്ചത്.

മർദ്ദിച്ചതിനു പുറമേ വിമാനത്തിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാതെ വിമാനം 40 മിനിറ്റോളം തടഞ്ഞിടുകയും ചെയ്തു. സംഭവത്തിൽ എംപിക്കെതിരെ എയർഇന്ത്യ രണ്ടു കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ശിവസേനയും സംഭവത്തിൽ രവീന്ദ്ര ഗെയ്ക്ക്‌വാദിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. മർദ്ദനമേറ്റ സുകുമാർ പൊലീസിൽ പരാതി നൽകി. തന്നെ അസഭ്യം പറഞ്ഞതായും മോശമായി പെരുമാറുകയും ചെയ്തതായി സുകുമാർ പറയുന്നു. മർദ്ദിക്കുകയും കണ്ണട തകർക്കുകയും ചെയ്‌തെന്നും പരാതിയിലുണ്ട്.

ന്യുഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഇന്നലെ രാവിലെ 10.30നാണ് സംഭവം ഉണ്ടായത്. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിൽ നിന്നുള്ള ലോക്‌സഭാംഗമാണ് ഗെയ്ക്ക്‌വാദ്. പുണെയിൽ നിന്നു ദില്ലിയിലെത്തിയ എയർഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഗെയ്ക്ക്‌വാദ്. വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തതിനു ശേഷമാണ് സംഭവം അരങ്ങേറിയത്. ബിസിനസ് ക്ലാസ് ടിക്കറ്റുണ്ടായിട്ടും എക്കോണമി ക്ലാസിൽ യാത്ര ചെയ്യേണ്ടിവന്നതിൽ പ്രതിഷേധിച്ച് ഗെയ്ക്ക്‌വാദ് വിമാനത്തിൽ നിന്നും ഇറങ്ങാൻ കൂട്ടാക്കിയില്ല.

ഇതോടെ വിമാന ജീവനക്കാരൻ എത്തി ഗെയ്ക്ക്‌വാദിനോടു ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇതോടെ ക്ഷുഭിതനായ ഗെയ്ക്ക്‌വാദ് ജീവനക്കാരനെ ചെരുപ്പൂരി അടിക്കുകയായിരുന്നു. എന്നാൽ, തന്നോട് മോശമായി പെരുമാറിയതിനാലാണ് ജീവനക്കാരനെ കൈകാര്യം ചെയ്തതെന്നായിരുന്നു രവീന്ദ്ര ഗെയ്ക്ക്‌വാദിന്റെ വിശദീകരണം. ബിസിനസ് ക്ലാസ് ടിക്കറ്റാണ് താൻ എടുത്തിരുന്നതെന്നും വിമാന ജോലിക്കാർ തന്നത് എക്കോണമി ക്ലാസാണെന്നും ഗെയ്ക്ക്‌വാദ് ആരോപിച്ചു.

ബിസിനസ് ക്ലാസ് ടിക്കറ്റാണ് തന്റെ കയ്യിലുള്ളതെന്നു കാണിച്ചിട്ടും സീറ്റ് തന്നില്ലെന്നും ഗെയ്ക്ക്‌വാദ് ആരോപിക്കുന്നു. ഇത്തരം സംഭവങ്ങൾ പതിവായിരിക്കുകയാണെന്നും അതുകൊണ്ടാണ് ദേഷ്യം അടക്കാനാകാതെ ജീവനക്കാരനെ തല്ലിയതെന്നും എംപി പറഞ്ഞു. അതേസമയം, ബിസിനസ് ക്ലാസിൽ സീറ്റ് ഒഴിവില്ലാത്തതിനാലാണ് എംപിക്ക് എക്കോണമി ക്ലാസിൽ സീറ്റ് നൽകിയതെന്നാണ് എയർഇന്ത്യയുടെ വിശദീകരണം.

മര്‍ദ്ദിക്കുന്ന വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News