ആമിയായി മഞ്ജുവിന്റെ ആദ്യ ലുക്ക് പുറത്ത്; ആമിയുടെ പൂജ തൃശ്ശൂരിൽ നടന്നു

തൃശ്ശൂർ: ആമിയായി പകർന്നാടുന്ന മഞ്ജു വാര്യരുടെ ആദ്യലുക്ക് പുറത്ത്. ഫേസ്ബുക്ക് പേജിലൂടെ മഞ്ജു വാര്യർ തന്നെയാണ് ചിത്രത്തിലെ ആദ്യ ലുക്ക് പുറത്തുവിട്ടത്. ആമിയുടെ ലുക്കിൽ മഞ്ജു പൊതുജനമധ്യത്തിലും പ്രത്യക്ഷപ്പെട്ടു. ചിത്രത്തിന്റെ പൂജയ്ക്ക് തൃശ്ശൂരിൽ മഞ്ജു എത്തിയത് ആമിയുടെ കോസ്റ്റിയൂംസ് ധരിച്ചു കൊണ്ടായിരുന്നു. ചിത്രത്തിന്റെ പൂജ തൃശ്ശൂരിൽ നടന്നു.

ആമിയായുള്ള പരകായപ്രവേശം അത്ര എളുപ്പമാകില്ലെന്നാണ് മഞ്ജു പറയുന്നത്. കമൽ എന്ന ഗുരുസ്ഥാനീയൻ വഴികാട്ടിയാകുമെന്നാണ് കരുതുന്നത്. ഭാവനയ്ക്കും യാഥാർത്ഥ്യത്തിനും ഇടയിലെവിടെയോ ആണ് മാധവിക്കുട്ടി പൂത്തുനിന്നതെന്നും മഞ്ജു പറഞ്ഞു. പ്രാർത്ഥനകളോടെ ആമിയാകുന്നെന്നും മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു.

ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കുമൊടുവിലാണ് ആമിയായി മഞ്ജുവിനെ തെരഞ്ഞെടുത്തത്.
സിനിമയിൽ നിന്ന് വിദ്യാബാലൻ അവസാന നിമിഷം പിൻവാങ്ങിയതിനെത്തുടർന്നായിരുന്നു ഇത്. പുതുമുഖതാരമാണ് മാധവിക്കുട്ടിയുടെ കൗമാരകാലം അവതരിപ്പിക്കുക. ഇന്ദ്രൻസ്, അനൂപ് മേനോൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

രൂപ സാദൃശ്യത്തിനുമപ്പുറം സ്വഭാവത്തിലും ജീവിതത്തിലും മാധവികുട്ടിയും മഞ്ജുവും തമ്മിലുള്ള സാദൃശ്യങ്ങളാണ് ഈ തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നാണ് കമൽ പറഞ്ഞിരുന്നത്. അതിനെ വിജയത്തിലെത്തിക്കുകയാണ് സംവിധായകനെന്ന നിലയിൽ നേരിടുന്ന വെല്ലുവിളി. കച്ചവട ചേരുവകകളില്ലാതെ സത്യസന്ധമായാകും സിനിമയിൽ മാധവിക്കുട്ടിയുടെ ജീവിതത്തെ സമീപിക്കുകയെന്നും കമൽ വ്യക്തമാക്കിയിട്ടുണ്ട്.

കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യർ നായികയാകുന്ന കമൽ ചിത്രമാണ് ആമി. ഈ പുഴയും കടന്ന് എന്ന സിനിമയിലും കമലിന്റെ സംവിധാനത്തിൽ മഞ്ജു അഭിനയിച്ചിരുന്നു. ജാവേദ് അക്തറാണ് ഗാനരചന. മധു നീലകണ്ഠനാണ് ക്യാമറ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News