കുണ്ടറയിൽ പത്തുവയസുകാരിയെ പീഡിപ്പിക്കാൻ മുത്തശ്ശി കൂട്ടുനിന്നു; വിക്ടറിന്റെ ഭാര്യയെ അറസ്റ്റ് ചെയ്യും; പീഡനം പണം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച ശേഷം

കൊല്ലം: കുണ്ടറയിൽ പത്തുവയസുകാരിയെ പീഡിപ്പിച്ചത് മുത്തശ്ശിയുടെ ഒത്താശയോടെയെന്നു പൊലീസ്. ഇതുമായി ബന്ധപ്പെട്ട് പ്രതി വിക്ടറിന്റെ ഭാര്യ ലത മേരിയെ പൊലീസ് അറസ്റ്റ് ചെയ്യും. കുട്ടിയെ പീഡിപ്പിക്കാൻ ലതമേരി കൂട്ടുനിന്നെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കുട്ടിയെ വിക്ടർ പീഡിപ്പിക്കുന്ന വിവരം അറിഞ്ഞിട്ടും ലത മേരി പുറത്തുപറഞ്ഞില്ലെന്നാണ് കുറ്റം. മാത്രമല്ല, പീഡനത്തിനു വിക്ടറിനെ സഹായിച്ചെന്നും പൊലീസ് കണ്ടെത്തി. മരിച്ച പെൺകുട്ടിയുടെ മൂത്തസഹോദരിയേയും അമ്മയേയും കേസിൽ സാക്ഷിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.

വിക്ടറാണ് കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നു പൊലീസിനോടു പറഞ്ഞത് മുത്തശ്ശി ലത മേരിയാണ്. എന്നാൽ, പീഡിപ്പിക്കാൻ ലത മേരിയുടെ മൗനസമ്മതം ഉണ്ടായിരുന്നെന്നു പൊലീസ് പിന്നീട് കണ്ടെത്തി. കുട്ടിയുടെ മൂത്തസഹോദരിയുടെ മൊഴിയും പൊലീസിന്റെ ഈ സംശയത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. ഇതോടെയാണ് ലത മേരിയെയും അറസ്റ്റ് ചെയ്യാനും സഹോദരിയെ സാക്ഷിയാക്കാനും പൊലീസ് തീരുമാനിച്ചത്.

മനഃശാസ്ത്ര വിദഗ്ധരുടെ നേതൃത്വത്തിലാണ് മൂത്ത കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. അനിയത്തിയെ മുത്തശ്ശൻ പീഡിപ്പിക്കുന്ന വിവരം മുത്തശ്ശിക്കും അമ്മയ്ക്കും അറിയാമായിരുന്നെന്നു കുട്ടി മൊഴി നൽകി. മുത്തശ്ശി ഒരു അഗതിമന്ദിരത്തിലാണ് ഇപ്പോൾ കഴിയുന്നത്. ഈ സ്ഥലം പൊലീസ് കാവലിലാണ്.

നേരത്തെ, മരിച്ച പത്തുവയസ്സുകാരിയുടെയും സഹോദരിയുടെയും പേരിൽ നാലു ലക്ഷം രൂപവീതം ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് മുത്തച്ഛൻ വിക്ടർ പറഞ്ഞിരുന്നതായും മൂത്തപെൺകുട്ടി പൊലീസിൽ മൊഴി നൽകിയിരുന്നു. കുട്ടികളുടെ പേരിൽ പണം ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ഇളയകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News