പുതിയതെന്ന വ്യാജേന പഴയ വാഹനം വിറ്റതില്‍ നടപടി; നാല് വാഹന ഡീലര്‍മാരുടെ വ്യാപാര ലൈസന്‍സ് റദ്ദാക്കി; പൊലീസ് കേസെടുത്തു

തിരുവനന്തപുരം : പുതിയതെന്ന വ്യാജേന പഴയ വാഹനങ്ങള്‍ വില്‍പന നടത്തിയ വാഹന ഡീലര്‍മാര്‍ക്കെതിരെ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. വ്യാജ വാഹനങ്ങള്‍ വില്‍പ്പന നടത്തിയ നാല് ഡീലര്‍മാരുടെ വ്യാപാര ലൈസന്‍സ് റദ്ദാക്കി. മോട്ടോര്‍ വാഹന വകുപ്പിന്റേതാണ് സസ്‌പെന്‍ഷന്‍ നടപടി.

നാല് ഡീലര്‍മാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസും വകുപ്പ് നല്‍കിയിട്ടുണ്ട്. കായംകുളം, മാവേലിക്കര, കോട്ടയം എന്നിവിടങ്ങളിലാണ് തട്ടിപ്പു കണ്ടെത്തിയത്. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകളാണ് ഡീലര്‍മാര്‍ക്കെതിരെ ചുമത്തിയത്. വരുംദിവസങ്ങളില്‍ വ്യാജ വില്‍പ്പനയ്‌ക്കെതിരെ വകുപ്പ് കര്‍ശന നടപടി തുടരും.

ആലപ്പുഴ ചെങ്ങന്നൂരില്‍ വാഹനങ്ങളുടെ നിര്‍മാണ വര്‍ഷവും മാസവും തിരുത്തി വാഹന ഡീലര്‍മാര്‍ തട്ടിപ്പുനടത്തിയതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് ജോയിന്റ് ആര്‍ടിഒ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം ചെങ്ങന്നൂര്‍ ആര്‍ടി ഓഫിസില്‍ റജിസ്‌ട്രേഷനെത്തിച്ച വാഹനങ്ങളില്‍ നടത്തിയ പരിശോധനക്കിടെയാണ് തെറ്റായ വിവരങ്ങളടങ്ങിയ രേഖകള്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്.

ധാരാളമായി വില്‍പനയില്ലാത്ത ചില വാഹനങ്ങള്‍ക്ക് 2017 എന്ന് നിര്‍മാണ വര്‍ഷം രേഖപ്പെടുത്തിയത് സംശയമുണ്ടാക്കി. തുടര്‍ന്നു നടത്തിയ വിശദ പരിശോധനയില്‍ പഴക്കമുള്ള വാഹനങ്ങള്‍ രേഖകളില്‍ തെറ്റായ വിവരം രേഖപ്പെടുത്തി വിറ്റതാണെന്ന് കണ്ടെത്തി. 2016ന്റെ തുടക്കത്തിലുള്ള വാഹനങ്ങളുടെ നിര്‍മാണ മാസം 2016 ഡിസംബറും 2017 ജനുവരിയുമൊക്കെ ആക്കിയായിരുന്നു തട്ടിപ്പ്.

തട്ടിപ്പ് കണ്ടെത്തിയതോടെ റജിസ്‌ട്രേഷനെത്തിച്ച വാഹനങ്ങളില്‍ വ്യാപകമായി പരിശോധന നടത്തി. നാല് കമ്പനികളുടെ ആറ് വാഹനങ്ങളാണ് കഴിഞ്ഞ ദിവസത്തെ പരിശോധനയില്‍ പിടിക്കപ്പെട്ടത്. മൂന്ന് കാറുകളും ഒരു ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളുമാണ് പിടികൂടിയത്. തുടര്‍ന്ന് ജോയിന്റ് ആര്‍ടിഒ ഷിബു കെ. ഇട്ടി നല്‍കിയ പരാതിയില്‍ ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here