കാസർഗോഡ് മദ്രസ അധ്യാപകന്റെ കൊലപാതകം; സംഘപരിവാർ സംഘടനകൾക്കു ബന്ധമില്ലെന്നു ബിജെപി

കാസർഗോഡ്: കാസർഗോഡ് മദ്രസ അധ്യാപകനെ കഴുത്തറുത്തു കൊന്ന സംഭവത്തിൽ സംഘപരിവാർ സംഘടനകൾക്കോ ബിജെപിക്കോ ഒരു ബന്ധവുമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ ശ്രീകാന്ത് പ്രസ്താവനയിൽ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് കൊലപാതകം നടന്നതെന്നും കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ലഭ്യമാക്കാൻ നടപടി ഉണ്ടാകണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. രാഷ്ടീയ എതിരാളികൾ ദുരുദ്ദേശത്തോടെയാണ് ഈ സംഭവത്തിൽ ബിജെപിയെ കുറ്റപ്പെടുത്തുന്നതെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു.

കേസിൽ മൂന്നു ആർഎസ്എസ് പ്രവർത്തകർ ഇന്നലെ അറസ്റ്റിലായിരുന്നു. പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബിജെപി-ആർഎസ്എസ് പ്രവർത്തകരായ അജേഷ് എന്ന അപ്പു, അഖിൽ, നിതിൻ എന്നിവരാണ് പ്രത്യേകസംഘത്തിന്റെ പിടിയിലായത്. പ്രതികൾ കുറ്റം സമ്മതിച്ചതായാണ് സൂചന. കഴിഞ്ഞ തിങ്കളാഴ്ചയാണ് പഴയചൂരി ഇസ്സത്തുൽ ഇസ്ലാം മദ്രസ അധ്യാപകൻ കുടക് സ്വദേശി മുഹമ്മദ് റിയാസ് താമസസ്ഥലത്ത് കഴുത്തറുത്ത് കൊലചെയ്യപ്പെട്ടത്.

സംഭവം നടന്നതിനു തൊട്ടുപിന്നാലെ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സ്ഥിരം ക്രിമിനലുകളെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്. പ്രതികളെ അജ്ഞാത കേന്ദ്രത്തിൽ ചോദ്യം ചെയ്തു വരുകയാണ്. പ്രതികൾ കുറ്റം സമ്മതിച്ചതായാണ് വിവരം. ചോദ്യം ചെയ്യൽ പൂർത്തിയാകുന്ന മുറയ്ക്ക് ഇവരുടെ അറസ്റ്റു രേഖപ്പെടുത്തും. കൊലപാതകത്തെ തുടർന്ന് വർഗീയ സംഘർഷം ഉണ്ടാകുമെന്ന ഭയം മൂലം കാസർഗോഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് അതീവ ജാഗ്രതയിലാണ്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ് റിയാസിനെ താമസസ്ഥലത്തു കയറി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മറ്റൊരു മുസ്ലിയാർ തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്നു. നിലവിളി ശബ്ദം കേട്ട് പുറത്തിറങ്ങിയെങ്കിലും ശക്തമായ കല്ലേറുണ്ടായതോടെ തിരികെ മുറിയിൽ കയറി കതകടയ്ക്കുകയായിരുന്നു. എന്തു പ്രകോപനത്താലാണ് കൊല നടത്തിയതെന്ന കാരണം വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News