സംവിധായകൻ വിനയനെ വിലക്കിയതിനു ‘അമ്മ’യ്ക്ക് നാലുലക്ഷം രൂപ പിഴ; ഫെഫ്ക, ഇന്നസെന്റ്, ഇടവേള ബാബു എന്നിവർക്കും പിഴ

ദില്ലി: സംവിധായകൻ വിനയനെ വിലക്കിയ സംഭവത്തിൽ താരസംഘടന അമ്മയ്ക്കും സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയ്ക്കും കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ പിഴ ചുമത്തി. അമ്മ ഭാരവാഹികളായ ഇന്നസെന്റ്, ഇടവേള ബാബു, ഫെഫ്ക ഭാരവാഹികളായ സിബി മലയിൽ, ബി.ഉണ്ണികൃഷ്ണൻ എന്നിവരും പിഴയടക്കണം. അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വിനയൻ നൽകിയ പരാതിയിലാണ് സിസിഐയുടെ നടപടി.

താരസംഘടനയായ അമ്മ നാലുലക്ഷം രൂപയാണ് പിഴയടയ്‌ക്കേണ്ടത്. ഫെഫ്ക 85,594 രൂപയും പിഴയടയ്ക്കണം. ഇന്നസെന്റ് 51,000 രൂപയും സിബി മലയിൽ 61,000 രൂപയും പിഴയൊടുക്കണം. രാജ്യത്തെ വിവിധ അസോസിയേഷനുകളുടേയും വിവിധ സംഘടനകളുടേയും പ്രവർത്തന രീതി പരിശോധിക്കുന്ന സംവിധാനമാണ് സിസിഐ.

സംഘടനകളുടെ വിലക്ക് മൂലം സിനിമ സംവിധാനം ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണെന്നും ഇതു തന്റെ തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കിയെന്നുമായിരുന്നു വിനയൻ പരാതിപ്പെട്ടത്. ഇതിനു തനിക്കു നഷ്ടപരിഹാരം വേണമെന്നും വിനയൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കോംപിറ്റീഷൻ കമ്മിഷനു കീഴിലുള്ള ഡി.ജി ഇൻവെസ്റ്റിഗേഷൻ വിംഗ് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തി. സംഘടനകൾ അഭിനേതാക്കളെയോ അണിയറ പ്രവർത്തകരേയോ വിലക്കിയാൽ അവർക്കു പരാതി പറയാനോ വിലക്കിനെ അതിജീവിക്കാനോ മാർഗങ്ങളൊന്നുമില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇക്കാര്യം കമ്മിഷൻ ഉത്തരവിലും വ്യക്തമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ഇരുസംഘടനകൾക്കും സംഘടനാ നേതാക്കൾക്കും കമ്മിഷൻ പിഴ ചുമത്തിയത്. മൂന്നു വർഷ കാലയളവിലെ വരുമാനത്തിന്റെ അഞ്ചു ശതമാനമാണ് പിഴയായി ചുമത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe