മലപ്പുറത്ത് എസ്ഡിപിഐയുമായും വെൽഫെയർ പാർട്ടിയുമായുള്ള രഹസ്യബന്ധം തള്ളാതെ ലീഗ് നേതൃത്വം; നിലപാട് പറയേണ്ടത് പാർട്ടികളെന്നു മജീദും കുഞ്ഞാലിക്കുട്ടിയും

മലപ്പുറം: മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ-വെൽഫെയർ പാർട്ടി എന്നിവരുമായുള്ള രഹസ്യബന്ധം തള്ളാതെ മുസ്ലിംലീഗ് നേതൃത്വം. നിലപാട് വ്യക്തമാക്കേണ്ടത് അതാതു പാർട്ടികളാണെന്നു കെ.പി.എ മജീദും പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൺപതിനായിരത്തോളം വോട്ട് നേടിയ എസ്ഡിപിഐ, വെൽഫെയർ പാർട്ടികൾ ഇത്തവണ മത്സരിക്കുന്നില്ല. പ്രാധാന്യം ഇല്ലെന്നാണ് അവർ പറയുന്നത്.

കോലീബി സഖ്യനീക്കത്തിനൊപ്പം എസ്ഡിപിഐ, വെൽഫെയർ പാർട്ടികളുമായി ലീഗ് കൂട്ട് കൂടുന്നു എന്ന ആരോപണത്തോട് കരുതിയുള്ള പ്രതികരണമാണ് ലീഗിന്റെ ഭാഗത്തു നിന്നുണ്ടായത്. മലപ്പുറത്ത് ഈ പാർട്ടികളുമായി ചേരേണ്ട ആവശ്യം ലീഗിനില്ല. എന്നാൽ ആരുടേയും വോട്ട് വേണ്ടെന്നു പറയില്ല. സ്ഥാനാർത്ഥിയെ നിർത്താത്തത് എന്തുകൊണ്ടാണെന്നു എസ്ഡിപി ഐ, വെൽഫെയർ പാർട്ടികളാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നു ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണവും വ്യത്യസ്തമല്ലായിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ 47853 ഉം വെൽഫെയർ പാർട്ടി 29216 വോട്ടും നേടിയിരുന്നു. ലീഗ് നീക്കത്തിനെതിരായ രാഷ്ട്രീയ പ്രത്യാരോപണങ്ങൾ വരും ദിവസങ്ങളിൽ മലപ്പുറത്ത് സജീവ ചർച്ചയാവും.
സ്ഥാനാർത്ഥികളെ നിർത്താത്തതു സംബന്ധിച്ച് ഇതുവരെ നിലപാട് വ്യക്തമാക്കാനും എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും തയ്യാറായിട്ടില്ല.

ഉപതെരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയപ്രാധാന്യമില്ലെന്ന മുടന്തൻ ന്യായം പറഞ്ഞാണ് എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും പിൻമാറുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ലോക്‌സഭയ്ക്കു കീഴിലെ ഏഴു മണ്ഡലങ്ങളിലും എസ്ഡിപിഐ മത്സരിച്ചിരുന്നു. 20000 ത്തോളം വോട്ടും ഇവർ പിടിച്ചു. കാര്യമായ വോട്ട് ലഭിച്ചില്ലെങ്കിലും വെൽഫെയർ പാർട്ടിയും മത്സരരംഗത്തുണ്ടായിരുന്നു. ചെറുകിട പാർട്ടികളെല്ലാം ചേർന്ന് പൊതുസ്വതന്ത്രനെ നിർത്താനുളള ശ്രമം തടയുന്നതിലും ലീഗ് വിജയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News