ധരംശാല ടെസ്റ്റില്‍ ഓസീസ് 300ന് പുറത്ത്; സ്മിത്തിന്റെ സെഞ്ച്വറിയും തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചില്ല; അരങ്ങേറ്റ ടെസ്റ്റില്‍ നാല് വിക്കറ്റ് നേട്ടവുമായി കുല്‍ദീപ് യാദവ്

ധരംശാല : ഇന്ത്യയ്‌ക്കെതിരായ അവസാന ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സില്‍ 300 റണ്‍സിന് പുറത്ത്. ക്യാപ്ടന്‍ സ്റ്റീവ് സ്മിതിന്റെ (111) സെഞ്ച്വറിയ്ക്കും ഓസീസിനെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാനായില്ല. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന കുല്‍ദീപ് യാദവിന്റെ ബൗളിംഗാണ് ഓസീസിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്.

തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്നു ഓസ്‌ട്രേലിയ. രണ്ടാം വിക്കറ്റില്‍ സ്റ്റീവ് സ്മിത്ത് – ഡേവിഡ് വാര്‍ണര്‍ സഖ്യം 134 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീടായിരുന്നു ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞത്.

ഡേവിഡ് വാര്‍ണര്‍ (56), മാത്യു വെയ്ഡ് (57) എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി. എന്നാല്‍ മറ്റാര്‍ക്കും അധികം പിടിച്ചുനില്‍ക്കാനായില്ല. മാറ്റ് റന്‍ഷോ (1), ഷോണ്‍ മാര്‍ഷ് (4), ഹാന്‍ഡ്‌സ്‌കോംപ് (8) മാക്‌സ്‌വെല്‍ (8), പാറ്റ് കുമ്മിന്‍സ് (21), ഓക്കീഫി (8), നഥാന്‍ ലിയോണ്‍ (8), എന്നിവര്‍ എളുപ്പം മടങ്ങി. 23 ഓവറില്‍ 68 റണ്‍സ് വഴങ്ങിയാണ് കുല്‍ദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തിയത്. ഉമേഷ് യാദവ് രണ്ടും ഭുവനേശ്വര്‍ കുമാര്‍, അശ്വിന്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകളും വീതം വീഴ്ത്തി.

റാഞ്ചി ടെസ്റ്റിനിടെ തോളിനു പരുക്കേറ്റ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. കോഹ് ളിയുടെ അഭാവത്തില്‍ അജിന്‍ക്യ രഹാനെയാണ് ടീമിനെ നയിക്കുന്നത്. ടീമില്‍ രണ്ടു നിര്‍ണായക മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. വിരാട് കോഹ്‌ലിക്കു പകരമാണ് യുവതാരം കുല്‍ദീപ് യാദവ് ടീമിലെത്തിയത്. ഇഷാന്ത് ശര്‍മയ്ക്കു പകരം ഭുവനേശ്വര്‍ കുമാറും ടീമില്‍ ഇടം നേടി.

നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. അവസാന ടെസ്റ്റില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. അതിനാല്‍ത്തന്നെ ജീവന്മരണ പോരാട്ടത്തിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here