എംഎം ഹസന് കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല; നിയമനം പ്രഖ്യാപിച്ചത് ഹൈക്കമാന്‍ഡ്; നാളെത്തന്നെ ചുമതലയേല്‍ക്കുമെന്ന് എംഎം ഹസന്‍

തിരുവനന്തപുരം : എംഎം ഹസന് കെപിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കാന്‍ ഹൈക്കമാന്‍ഡ് തീരുമാനം. വിഎം സുധീരന്‍ രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുവരെ എംഎം ഹസന്‍ ചുമതല വഹിക്കുമെന്ന് ഹൈക്കമാന്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

എംഎം ഹസന്റെ നിയമനം സംബന്ധിച്ച തീരുമാനം ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. അധ്യക്ഷ സ്ഥാനം രണ്ടാഴ്ചയായി ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് നിയമനം. താല്‍ക്കാലിക നിയമനത്തോടെ പുതിയ പ്രസിഡന്റ് നിയമനം ഇനിയും വൈകും എന്ന് ഉറപ്പായി. അമേരിക്കയില്‍ ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തിരിച്ചെത്തിയതിനു പിന്നാലെയാണ് ഈ തീരുമാനം.

വിഭാഗീയതകള്‍ക്ക് അതീതമായി ഇടപെടും. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുമെന്നും എംഎം ഹസന്‍ പ്രതികരിച്ചു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം കുറവുവരുത്താതെ നിര്‍വഹിക്കും. പാര്‍ട്ടി നേതാക്കള്‍ ഒറ്റക്കെട്ടായി തന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. നാളെ തന്നെ കെപിസിസി അധ്യക്ഷന്റെ ചുമതല ഏറ്റെടുക്കും. പാര്‍ട്ടിയുടെ ഐക്യമാണ് കാലം ആവശ്യപ്പെടുന്നതെന്നും ഹസന്‍ പറഞ്ഞു.

പദവി ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ചാണ്ടി അറിയിച്ചു. വൈസ് പ്രസിഡന്റുമാരായ എംഎം ഹസന്റെയും വിഡി സതീശന്റെയും പേരുകളായിരുന്നു ഹൈക്കമാന്‍ഡ് പരിഗണിച്ചത്. ഇതിന് പിന്നാലെ എ ഗ്രൂപ്പ് നേതാവ് കൂടിയായ എംഎം ഹസന്‍ സ്ഥാനമേറ്റെടുക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു.

മുതിര്‍ന്ന നേതാവ് കൂടിയായ എംഎം ഹസന്റെ പേരിനായിരുന്നു തുടക്കം മുതല്‍ മുന്‍ഗണന നല്‍കിയിരുന്നത്. പുതിയ അധ്യക്ഷനെ ഉടന്‍ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തലയും അറിയിച്ചു. മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രചരണം മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് അധ്യക്ഷന്റെ ചുമതല രണ്ടിലൊരാള്‍ക്ക് നല്‍കാന്‍ ഹൈക്കമാന്‍ഡ് നിര്‍ബന്ധിതമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News