എസ്എസ്എല്‍സി കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടിവരുന്നത് പിടിപ്പുകേട്; അതീവ ജാഗ്രത സര്‍ക്കാര്‍ കാണിച്ചില്ല; വിദ്യാഭ്യാസ മന്ത്രി രാജിവെയ്ക്കണമെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : എസ്എസ്എല്‍സി കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടി വന്നത് സര്‍ക്കാരിന്റെ പിടിപ്പ് കേട് കാരണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പറഞ്ഞു. ഇതിനുത്തരവാദിയായ വിദ്യാഭ്യാസ മന്ത്രിക്ക് ആ സ്ഥാനത്തിരിക്കാന്‍ യോഗ്യത ഇല്ല. പ്രൊഫ. സി രവീന്ദ്രനാഥ് തല്‍സ്ഥാനം രാജി വയ്ക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവര്‍ക്ക് എസ്എസ്എല്‍സി പോലെ സുപ്രധാനമായ ഒരു പരീക്ഷ പോലും നേരെ നടത്താന്‍ കഴിയാതെ വന്നു. എല്ലാ കാര്യത്തിലും സര്‍ക്കാര്‍ കാണിക്കുന്ന വീഴ്ച തന്നെയാണ് ഇക്കാര്യത്തിലുമുണ്ടായത്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി പന്താടുന്ന തരത്തിലാണ് കണക്ക് പരീക്ഷ നടത്തിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കുട്ടികള്‍ക്ക് ഉത്തരമെഴുതാന്‍ കഴിയാത്ത തരത്തില്‍ സിലബസില്‍ ഇല്ലാത്തതും കടുകട്ടിയുമായ ചോദ്യങ്ങളാണ് ചോദ്യപേപ്പറില്‍ ഉണ്ടായിരുന്നത്. ഈ ചോദ്യം തയ്യാറാക്കിയ അദ്ധ്യാപകന് ഒരു സ്വകാര്യ ഏജന്‍സിയുമായി ബന്ധമുണ്ടെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം. എസ്എസ്എല്‍സി പരീക്ഷയ്ക്ക് വന്ന ചോദ്യങ്ങളില്‍ പലതും അതേപടി ഈ ഏജന്‍സിയുടെ മാതൃകാ ചോദ്യത്തില്‍ ആവര്‍ത്തിക്കുന്ന ഗുരുതരമായ വീഴ്ചയുമുണ്ടായി. – രമേശ് ചെന്നിത്തല പറഞ്ഞു.

എസ്എസ്എല്‍സി പരീക്ഷ നടത്തിപ്പില്‍ പുലര്‍ത്തേണ്ട അതീവ ജാഗ്രത ഇവിടെ ഉണ്ടായിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നത്. കണക്ക് ചോദ്യപേപ്പറിനെക്കുറിച്ച് നിരവധി രക്ഷിതാക്കള്‍ തന്നോട് പരാതിപ്പെട്ടിരുന്നു. അത് താന്‍ വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് വിളിച്ച് അറിയിച്ചിരുന്നതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News