മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം ‘ഒടിയന്‍’ ഒരുങ്ങുന്നു; മോഹന്‍ലാല്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കും; ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ചിത്രീകരണം മെയ് 25ന് തുടങ്ങും

തിരുവനന്തപുരം : മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. മോഹന്‍ലാല്‍ നായക കഥാപാത്രമാകുന്ന ‘ഒടിയന്‍’ ആണ് ഉടന്‍ ചിത്രീകരണം ആരംഭിക്കുന്നത്. കോടിക്കണക്കിന് രൂപ മുടക്കി നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മായിക കാഴ്ചകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. മഞ്ജുവാര്യരാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായി ഒടിയന്‍ മാറും. ലാലിന്റെ അത്യുജ്ജ്വല അഭിനയമൂഹൂര്‍ത്തങ്ങളും ആക്ഷന്‍ രംഗങ്ങളുമാകും ചിത്രത്തിന്റെ പ്രത്യേകത. ശതകോടികള്‍ മുടക്കിയൊരുക്കുന്ന ‘രണ്ടാമൂഴം’എന്ന ഇതിഹാസ സിനിമയ്ക്കുമുമ്പ് പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒടിയന്‍’. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥ.

ശക്തനായ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെന്നിന്ത്യന്‍ സിനിമയിലെ കരുത്തുറ്റ നടന്‍ പ്രകാശ് രാജ് ആണ്. ബോളിവുഡില്‍നിന്നുള്ള ഒരു വമ്പന്‍താരവും ചിത്രത്തിലെ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനെത്തും. ചിത്രത്തിന്റെ അണിയറയില്‍ ഇന്ത്യന്‍ സിനിമയിലെ കരുത്തുറ്റ സാങ്കേതികവിദഗ്ദ്ധരാണ്. സാബുസിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍.

ആക്ഷന്‍രംഗങ്ങളൊരുക്കുന്നത് ഇന്ത്യന്‍ സിനിമയിലെ ത്രസിപ്പിക്കുന്ന ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ ആണ്. ഷാജി കുമാറാണ് ഒടിയനെ ക്യാമറയില്‍ പകര്‍ത്തുക. ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ്. എം ജയചന്ദ്രന്‍ സംഗീതമൊരുക്കുന്നു. ലക്ഷ്മി ശ്രീകുമാറിന്റേതാണ് ഗാനരചന. ബാഹുബലി, കമീനേ, റങ്കൂണ്‍ എന്നിവയുടെ സൗണ്ട് ഡിസൈനര്‍ സതീഷാണ് ചിത്രത്തിന്റെ ശബ്ദലേഖനം. ഗോകുല്‍ദാസാണ് കലാ സംവിധായകന്‍. സിദ്ധു പനയ്ക്കല്‍, സജി കെ ജോസഫ് എന്നിവരാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍.

ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത വിഷ്വല്‍ ഇഫക്ടുകളുടെ അനന്യാനുഭവമാകും ‘ഒടിയന്‍’സമ്മാനിക്കുക. വിഎഫ്എക്‌സിനുവേണ്ടി ഏറ്റവും കൂടുതല്‍ തുക ചെലവിടുന്ന ചിത്രവുമാകും ഇത്. വിദേശ സാങ്കേതിക വിദഗ്ദ്ധരാണ് വിഎഫ്എക്‌സ് രംഗങ്ങളൊരുക്കുക. മെയ് 25ന് ചിത്രീകരണം തുടങ്ങുന്ന ‘ഒടിയന്റെ’ പ്രധാന ലൊക്കേഷനുകള്‍ പാലക്കാട്, തസറാക്ക്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ബനാറസ്, ഹൈദരാബാദ് എന്നിവിടങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News