ട്രോളുകള്‍ക്കെതിരെ നടപടിയെന്ന പ്രചരണം തെറ്റിദ്ധാരണാജനകം; ഉത്തരവിനെ ട്രോളന്മാരുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല; മുന്നറിയിപ്പ് നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെയെന്നും ഡിജിപി

തിരുവനന്തപുരം : സോഷ്യല്‍ മീഡിയയിലൂടെ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍. ഇത്തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകമാണെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

മറ്റൊരാളുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച് അതുപയോഗിച്ച് പോസ്റ്റ് ഇടുന്നതും ഒരു വ്യക്തിയെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തില്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നതും ഐടി ആക്റ്റ് പ്രകാരവും ഐപിസി പ്രകാരവും കുറ്റകരമാണ്. ഇത്തരത്തിലുള്ള പരാതികള്‍ ലഭിച്ചാല്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാറുണ്ട്. ഇതിനുമുന്‍പും അത്തരം പരാതികളില്‍ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഒരു പത്രപ്രവര്‍ത്തകന്റെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി ഫെയ്‌സ്ബുക്ക് വഴി മുഖ്യമന്ത്രിയെയും പ്രസ്തുത പത്രപ്രവര്‍ത്തകനെയും അപമാനിക്കുന്നുവെന്ന് കാണിച്ച് ഇത്തരത്തില്‍ ഒരു പരാതി ഈയിടെ ഹൈടെക് സെല്ലിന് ലഭിച്ചിരുന്നു. അതേത്തുടര്‍ന്നാണ് അത്തരം അപമാനകരമായ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന് അറിയിപ്പു നല്‍കിയത്. മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചാല്‍ നടപടിയെടുക്കും എന്നതരത്തില്‍ ഒരു മുന്നറിയിപ്പും പൊലീസ് നല്‍കിയിട്ടില്ലെന്ന് പൊലീസ് മേധാവി അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ പ്രചരണം നടത്തിയ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും കേസെടുക്കുകയും ചെയ്ത സംഭവങ്ങളുണ്ട്. അന്ന് ബിജെപിയുടെ കേരളത്തിലെ നേതാക്കളായിരുന്നു പരാതി നല്‍കിയത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോളും സമാനമായ നടപടികളിലൂടെ കേസെടുത്തിരുന്നുവെന്നും ഹൈടെക്‌സെല്‍ വ്യക്തമാക്കി. ഈ നടപടിയെ ട്രോളന്മാരുമായി കൂട്ടിക്കുഴക്കേണ്ടെന്നും ട്രോളിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഹൈടെക് സെല്‍ അധികൃതര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News