തിരുവനന്തപുരം : കൊടും ക്രിമിനലുകളായ തടവുകാരെ ജയില്‍ മോചിതരാക്കാന്‍ 2015 നവംബര്‍ 24 നാണ് പദ്ധതി തയ്യാറായത്. മോചിപ്പിക്കപെടണ്ടവരുടെ പട്ടിയ തയ്യാറാക്കാന്‍ അന്നേ ദിവസം മുഖ്യമന്ത്രി ജയില്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. നാല് മാസം നീണ്ട പരിശോധനയുടെ ഒടുവില്‍ വിട്ടയക്കപ്പെടേണ്ടവരുടെ പട്ടിക തയ്യാറായി. 216 തടവുകാരെ വിട്ടയക്കാനുളള ജയില്‍ വകുപ്പിന്‍െ നിര്‍ദ്ദേശം അടങ്ങിയ ഫയല്‍ ജയില്‍ മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല വഴി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെത്തി.

വിട്ടയക്കാന്‍ തീരുമാനിച്ചതിലേറെയും നികൃഷ്ട കുറ്റകൃത്യത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ചവരും, സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായിരുന്നു എന്നത് ശ്രദ്ധേയമായി. പ്രവീണ്‍ എന്ന യുവാവിനെ അറുത്ത് കഷ്ണങ്ങളായി മുറിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിച്ച കേസില്‍ ജീവപര്യന്തം തടവിന് വിധിച്ച മുന്‍ ഡിവൈഎസ്പി ഷാജി, എസ്എഫ്‌ഐ നേതാവ് കെവി സുധീഷിനെ അമ്മയുടെ മുന്നിലിട്ട് വെട്ടികൊലപ്പെടുത്തിയ പേട്ട ദിനേശന്‍ തുടങ്ങിയവര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു.

കണ്ണൂര്‍ കനകരാജ് വധക്കേസിലെ കുറ്റവാളി ദാസന്‍, കല്ലുവാതുക്കല്‍ വിഷമദ്യദുരന്തകേസിലെ പ്രതികളായ മണിച്ചന്‍, സഹോദരന്‍ കൊച്ചനി, മുന്‍പ് മൂന്ന് തവണ ജയില്‍ ചാടിയ കൊടുംകുറ്റവാളി ശിവജി എന്നിവര്‍ക്കാണ് ശിക്ഷ പൂര്‍ണമായും ഇളവ് ചെയ്ത് വിട്ടയാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതില്‍ പേട്ട ദിനേശന്‍ ആന്ധ്രയില്‍ വെച്ച് സിപിഐഎം നേതാവ് ഇപി ജയരാജനെ വെടിവെച്ച് കൊലപെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്.

ജയില്‍ ചാടിയവരെ ഒരു കാരണവശാലും ശിക്ഷ ഇളവിന് പരിഗണിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം നിലവിലിരിക്കെ ശിവജിയെ വിട്ടയക്കാനുളള തീരുമാനത്തില്‍ ദുരൂഹത ഉണ്ട്. കടുംവെട്ട് തീരുമാനങ്ങള്‍ എടുത്തത് വഴി കുപ്രസിദ്ധി ആര്‍ജിച്ച 2016 മാര്‍ച്ച് 1ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലെ അജണ്ടയിലാണ് കൊടുംകുറ്റവാളികളെ വിമോചിപ്പിക്കാനുളള തീരുമാനം അടങ്ങിയിരുന്നത്. അന്നത്തെ അഡ്വക്കേറ്റ് ജനറല്‍ കെപി ദണ്ഡപാണിയുടെ നിയമോപദ്ദേശം തേടാനും വിട്ടയക്കേണ്ട കുറ്റവാളികളുടെ മാര്‍ഗരേഖ തയ്യാറാക്കുന്നതിന് ഒരു സമിതി രൂപികരിക്കാനും തീരുമാനിച്ചാണ് ക്യാബിനറ്റ് അവസാനിച്ചത്.

തങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ കുറ്റവാളികള്‍ക്ക് ശിക്ഷ ഇളവ് നല്‍കുന്ന ഫയലില്‍ കണ്ടിട്ടില്ല എന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വാദത്തെ പൂര്‍ണമായും നിരാകരിക്കുന്നതാണ് പുതിയ തെളിവുകള്‍. മുന്‍പ് സുപ്രീംകോടതി വരെ ശിക്ഷ ശരിവെച്ച ഡേവിഡ് ലാലി എന്ന കുറ്റവാളിക്ക് മന്ത്രിസഭയുടെ സവിശേഷ അധികാരം ഉപയോഗിച്ച് മുഴുവന്‍ ശിക്ഷയും ഇളവ് ചെയ്ത യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം വിവാദമായിരുന്നു. ഭരണപക്ഷത്തിനെതിരെ ജയില്‍ ശിക്ഷ ഇളവ് ആയുധമാക്കാന്‍ ഒരുങ്ങുന്ന യുഡിഎഫിനെ പൂര്‍ണമായും പ്രതിരോധത്തിലാക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.