തിരുവനന്തപുരം: കെഎസ്‌യു ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിൽ അനിശ്ചിതാവസ്ഥ. തർക്കം മൂലം ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ കഴിഞ്ഞില്ല. വിജയികൾക്ക് എതിരെ എൻഎസ്‌യു നേതൃത്വത്തിന് നിരവധി പരാതികളാണ് ലഭിക്കുന്നത്. ഇതേതുടർന്ന് ഫലപ്രഖ്യാപനം നീട്ടിവയ്ക്കുകയായിരുന്നു. ഫലപ്രഖ്യാപനം ദില്ലിയിലേക്കു നീളാനാണ് സാധ്യത. എൻഎസ്‌യു വെബ്‌സൈറ്റിൽ രണ്ടു ദിവസത്തിനകം ഫലം ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ.
വിജയികൾക്കെതിരായ പരാതികൾ കുന്നുകൂടിയതോടെയാണ് ഫലപ്രഖ്യാപനം അനിശ്ചിതത്വത്തിലായത്. ഇതുമൂലം എൻഎസ്‌യു ദേശീയ നേതൃത്വം മാധ്യമങ്ങളെ കണ്ടില്ല. കണ്ണൂർ ജില്ലാ അധ്യക്ഷനെ ചൊല്ലി എ-ഐ വിഭാഗങ്ങൾ തമ്മിൽ തർക്കം ഉണ്ടായി. ഫലപ്രഖ്യാപനം എപ്പോൾ ഉണ്ടാകുമെന്നു അറിയാൻ എൻഎസ്‌യു തെരഞ്ഞെടുപ്പ് നിരീക്ഷകനായ കിരൺ മുകൾ വാസവിനെ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാൻ തയ്യാറായില്ല.
അതിനിടെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പിലെ അഭിജിത്തിന് ഭൂരിപക്ഷം ലഭിച്ചു. ഐ ഗ്രൂപ്പിലെ അബ്ദുൾ റഷീദിനെ ദയനീയമായി പരാജപെടുത്തിയാണ് അഭിജിത്ത് വിജയിച്ചത്. അഭിജിത്തിന് 2774 വോട്ട് ലഭിച്ചപ്പോൾ റഷീദിന് 779 വോട്ടുകൾ മാതമാണ് ലഭിച്ചത് .എന്നാൽ ഭാരവാഹി തെരഞ്ഞെടുപ്പിൽ ഐ ഗ്രൂപ്പ് കരുത്ത് കാട്ടി. 20 ഭാരവാഹികൾ ഐ ഗ്രൂപ്പിന് ലഭിച്ചതായും പ്രസിഡന്റ് സ്ഥാനം അടക്കം 15 ഭാരവാഹികൾ എ വിഭാഗത്തിന് ലഭിച്ചതായും അവകാശപ്പെടുന്നു.
രാവിലെ ആരംഭിക്കേണ്ടിയിരുന്ന വോട്ടെണ്ണൽ ഉച്ചയ്ക്കു ശേഷമാണ് ആരംഭിച്ചത്. വോട്ടെണ്ണൽ കേന്ദ്രമായ കെപിസിസി ഓഫീസിനു മുന്നിൽ ഐ-എ വിഭാഗങ്ങളുടെ തർക്കം കാമറയിൽ പകർത്താൻ ശ്രമിക്കുന്നതിനിടെ മാധ്യമ പ്രവർത്തകരെ കെഎസ്‌യുക്കാർ കൈയ്യേറ്റം ചെയ്തു. മനോരമ ന്യൂസിലെ ഡ്രൈവറുടെ കൈ പിടിച്ച് തിരിച്ചു. കൈരളി ടിവിയിലെ കാമറാവുമൺ ഷാജിലയ്ക്ക് നേരെ ആക്രോശവുമായി പാഞ്ഞടുത്തവരെ നേതാക്കൾ ഇടപ്പെട്ട് ശാന്തരാക്കി.
Get real time update about this post categories directly on your device, subscribe now.