പതിമൂന്നുകാരിയെ എട്ടു അധ്യാപകർ ചേർന്നു പീഡിപ്പിച്ചത് ഒന്നര വർഷം; ഗുരുതരമായ രോഗങ്ങളോടെ പെൺകുട്ടി ആശുപത്രിയിൽ

ബിക്കാനീർ: പതിമൂന്നുകാരിയെ എട്ടു അധ്യാപകർ ചേർന്നു കൂട്ടബലാൽസംഗം ചെയ്തു. രാജസ്ഥാനിലെ ബിക്കാനീറിലാണ് സംഭവം. ഏകദേശം ഒന്നരവർഷത്തോളം കാലം പെൺകുട്ടി തുടർച്ചയായി പീഡനത്തിനിരയായി. ഗുരുതരമായ രോഗങ്ങളോടെ പെൺകുട്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ മാത്രമാണ് ക്രൂരപീഡനത്തിന്റെ കഥ പുറംലോകം അറിഞ്ഞത്. രക്താബുദത്തിനു ചികിത്സയിലാണ് പെൺകുട്ടി ഇപ്പോൾ. രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്തതായും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു.

തന്നെ ബലാൽസംഗം ചെയ്യുകയും വിവസ്ത്രയാക്കി ചിത്രങ്ങൾ എടുത്തതായും പെൺകുട്ടി പൊലീസിനു മൊഴി നൽകി. അവർ ഏഴോ എട്ടോ പേരുണ്ടായിരുന്നെന്നു മൊഴിയിൽ പറയുന്നുണ്ട്. എന്നാൽ, എല്ലാവരുടെയും പേരുകൾ പെൺകുട്ടിക്ക് അറിയില്ല. സംഭവത്തിൽ രണ്ടു എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി രാജസ്ഥാൻ ആഭ്യന്തരമന്ത്രി പറഞ്ഞു. ഒന്നു സ്‌കൂൾ അധികൃതർ നൽകിയ പരാതിയാണ്. മറ്റൊന്ന് പെൺകുട്ടിയുടെ പിതാവ് അധ്യാപകർക്കെതിരെ നൽകിയ പീഡനപരാതിയും.

പെൺകുട്ടിയെ പരിശോധിക്കാനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. ഇവരുടെ പരിശോധനാഫലം വരുന്നതിനു മുറയ്ക്ക് ഇക്കാര്യത്തിൽ മറ്റു നടപടികളുണ്ടാകും. മെഡിക്കൽ റിപ്പോർട്ട് കിട്ടിയതിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ നടപടി എടുക്കാൻ പറ്റൂ എന്നു ആഭ്യന്തരമന്ത്രി പറഞ്ഞു. ആരോപണം ആർക്കും ഉന്നയിക്കാം. എന്നാൽ, അതു തെളിയിക്കപ്പെടണമെങ്കിൽ പരിശോധനാ റിപ്പോർട്ട് ലഭിക്കണമെന്നും മന്ത്രി പറഞ്ഞു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൂട്ടബലാൽസംഗത്തിനും കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന പോക്‌സോ നിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here