മന്ത്രി എ.കെ ശശീന്ദ്രൻ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നു ആക്ഷേപം; സർക്കാരിനും മുന്നണിക്കും ക്ഷീണമുണ്ടാക്കില്ലെന്നു മന്ത്രി; ആരോപണം ഗൗരവതരമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രൻ സ്ത്രീയോടു ലൈംഗികച്ചുവയോടെ സംസാരിച്ചെന്നു ആക്ഷേപം. ഒരു സ്വകാര്യ ചാനലാണ് ഇതുസംബന്ധിച്ച സംഭാഷണശകലം പുറത്തുവിട്ടത്. സംഭാഷണശകലം പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ മന്ത്രി രാജിക്കൊരുങ്ങിയതായി വാർത്തയുണ്ട്. പാർട്ടിക്കും മുന്നണിക്കും സർക്കാരിനും ക്ഷീണമുണ്ടാക്കുന്ന ഒരു തീരുമാനവും എടുക്കില്ലെന്നു മന്ത്രി വ്യക്തമാക്കി. ഉച്ചയ്ക്കു ശേഷം മൂന്നു മണിക്കു മന്ത്രി വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതിൽ മന്ത്രി തീരുമാനവും നിലപാടും വ്യക്തമാക്കും.

പുതുതായി ആരംഭിച്ച വാർത്താ ചാനൽ മന്ത്രിക്കെതിരെ പുറത്തുവിട്ട ആരോപണം ഗൗരവതരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്റെ എല്ലാവശങ്ങളും പരിശോധിച്ച് തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തെ കുറിച്ച് ആരോപണവിധേയനായ മന്ത്രി തന്നോടു സംസാരിച്ചതായും മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

എന്നാൽ ഈ വാർത്ത അറിഞ്ഞതോടെ സംസ്ഥാന കമ്മിറ്റി നിർത്തിവെച്ചു എന്ന തരത്തിൽ പുറത്തുവന്ന വാർത്ത ശരിയല്ലെന്നും ഭക്ഷണത്തിനു പിരിഞ്ഞതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ശശീന്ദ്രൻ കുറ്റക്കാരനാണെങ്കിൽ ഉടൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ സർക്കാരിന്റെ കീഴിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും ചെന്നിത്തല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here