എ.കെ ശശീന്ദ്രൻ ഗതാഗതമന്ത്രി സ്ഥാനം രാജിവച്ചു; രാജി കുറ്റസമ്മതമല്ല; രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിച്ചാണ് രാജി; ഏത് ഏജൻസിയെ ഉപയോഗിച്ചും വസ്തുത അന്വേഷിക്കാമെന്നും മന്ത്രി

കോഴിക്കോട്: ലൈംഗികച്ചുവയോടെ സ്ത്രീയോട് സംസാരിച്ചെന്ന ആക്ഷേപത്തെ തുടർന്ന് എ.കെ ശശീന്ദ്രൻ ഗതാഗതമന്ത്രി സ്ഥാനം രാജിവച്ചു. തന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ തന്റെ രാജി കുറ്റസമ്മതമല്ല. മുന്നണിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ കാത്തുസൂക്ഷിക്കുന്നതിനു വേണ്ടിയാണ് രാജിയെന്നും അദ്ദേഹം അറിയിച്ചു. തന്റെ പാർട്ടിക്കും പ്രവർത്തകർക്കും തന്നെ കുറിച്ചോർത്ത് തല കുനിക്കേണ്ടി വരില്ലെന്നും ശശീന്ദ്രൻ വ്യക്തമാക്കി.

പാർട്ടി പ്രവർത്തകർക്ക് എന്നോടുള്ള വിശ്വാസം ഊട്ടിയുറപ്പിക്കണം എന്ന് എനിക്ക് നിർബന്ധമുണ്ട്. എൽഡിഎഫ് സർക്കാർ രാഷ്ട്രീയ പ്രതിബദ്ധത ഉയർത്തിപ്പിടിച്ച് മുന്നോട്ടു കൊണ്ടു പോകുകയാണ്. അതുകൊണ്ട് ശരിതെറ്റ് എന്നതിനപ്പുറം രാഷ്ട്രീയ ധാർമികത കാത്തുസൂക്ഷിക്കുക എന്നതാണ് തന്റെ ആവശ്യം. തന്റെ രാജി കുറ്റസമ്മതമല്ല. മുന്നണിയുടെ അന്തസ്സ് ഉയർത്തിപിടിക്കാനാണ് രാജിവയ്ക്കുന്നത്. സ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്നു കണ്ടാണ് രാജിവയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്തെങ്കിലും കാര്യത്തിനായി തന്നെ സമീപിക്കുന്ന ആരോടും നല്ല രീതിയിലാണ് പെരുമാറാറുള്ളത്.
ആരോടെങ്കിലും തെറ്റു ചെയ്തതായി അറിയില്ല. ഇപ്പോഴത്തെ സംഭവത്തിൽ ശരി തെറ്റുകൾ മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ട് ഇക്കാര്യം ഏതു ഏജൻസിയെ വച്ചും വസ്തുനിഷ്ഠമായി അന്വേഷിക്കട്ടെ. അതിലൂടെ തന്റെ നിരപരാധിത്വം തെളിയിക്കാം. തന്റെ പേരിൽ എന്റെ പാർട്ടിയിലെ ഒരു പ്രവർത്തകനും തലകുനിക്കേണ്ടി വരില്ല എന്നു ഞാൻ ഉറപ്പു നൽകിയിട്ടുണ്ട്. ആ ഉറപ്പ് പാലിക്കുന്നതിനാണ് രാജിയെന്നും ശശീന്ദ്രൻ വ്യക്തമാക്കി.

പരാതി ബോധിപ്പിക്കാൻ എത്തിയ സ്ത്രീയോടു ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാണ് ആക്ഷേപം. ഒരു സ്വകാര്യ ചാനലാണ് ഇതുസംബന്ധിച്ച സംഭാഷണശകലം പുറത്തുവിട്ടത്. സംഭാഷണശകലം പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി രാജിവച്ചത്. പാർട്ടിക്കും മുന്നണിക്കും സർക്കാരിനും ക്ഷീണമുണ്ടാക്കുന്ന ഒരു തീരുമാനവും എടുക്കില്ലെന്നു മന്ത്രി വ്യക്തമാക്കിയിരുന്നു.

പുതുതായി ആരംഭിച്ച വാർത്താ ചാനൽ മന്ത്രിക്കെതിരെ പുറത്തുവിട്ട ആരോപണം ഗൗരവതരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. ഇതിന്റെ എല്ലാവശങ്ങളും പരിശോധിച്ച് തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തെ കുറിച്ച് ആരോപണവിധേയനായ മന്ത്രി തന്നോടു സംസാരിച്ചതായും മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here