ഗുജറാത്തില്‍ വര്‍ഗീയ കലാപം; രണ്ട് പേര്‍ കൊല്ലപ്പെട്ടു; അഞ്ച് പേരുടെ നില ഗുരുതരം; പലായനം ചെയ്ത് മുസ്ലിം കുടുംബങ്ങള്‍

ഗുജറാത്ത് : ഗുജറാത്തില്‍ വര്‍ഗീയ കലാപം. പതാന്‍ ജില്ലയില്‍ ശനിയാഴ്ചയുണ്ടായ കലാപത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. പന്ത്രണ്ടോളം വീടുകള്‍ നശിപ്പിക്കപ്പെട്ടു. അമ്പതോളം വീടുകള്‍, വാഹനങ്ങള്‍ എന്നിവ അഗ്നിക്കിരയാക്കി.

രണ്ട് സ്‌കൂള്‍ കുട്ടികള്‍ തമ്മിലുള്ള തര്‍ക്കമാണ് വര്‍ഗീയ കലാപത്തിലെത്തിയത്. 5,000ത്തോളം പേരടങ്ങുന്ന ആള്‍ക്കൂട്ടമാണ് വടാവലി ഗ്രാമത്തിലെ മുസ്ലിങ്ങളെ ആക്രമിച്ചത്. ഇബ്രാഹിം ബലിം എന്ന ഇരുപത്തഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരാള്‍ കൂടി പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു.

മെഹ്‌സാന, അഹമ്മദാബാദ്, ഗാന്ധിനഗര്‍ എന്നീ ജില്ലകളില്‍ നിന്നും പത്തോളം ഫയര്‍ എഞ്ചിനുകളാണ് വടാവലിയിലെ തീയണയ്ക്കാന്‍ എത്തിയത്. ഗ്രാമത്തില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനായി പതാനിലെയും മെഹ്‌സാനയിലെയും പൊലീസുകാര്‍ എത്തിയിട്ടുണ്ട്. വടാവലിയില്‍ നിന്നും മുസ്ലിം കുടുംബങ്ങള്‍ അയല്‍ഗ്രാമങ്ങളിലേക്ക് കുടിയേറി. ധാര്‍പൂര്‍ ഗ്രാമത്തിലെ ആശുപത്രിയിലും പരുക്കേറ്റവര്‍ അഭയം തേടി.

ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെ ഹിന്ദുത്വം തന്നെയാണ് മുഖ്യ തെരഞ്ഞെടുപ്പ് വിഷയമെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ബിജെപി മുന്നോട്ട് പോകുന്നത്. എംപിമാരോട് തെരഞ്ഞെടുപ്പിനു തയ്യാറാകാന്‍ കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് പതാന്‍ ജില്ലയില്‍ വര്‍ഗീയകലാപമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here