ബാബു ആന്റണി വിവാഹത്തിൽ നിന്നു പിൻമാറിയതു കൊണ്ട് മരിക്കാൻ തന്നെ തീരുമാനിച്ചിരുന്നെന്നു ചാർമിള; കിഷോർ സത്യ ഏറ്റവും വെറുക്കപ്പെട്ടവൻ; രാജേഷിലുണ്ടായ കുഞ്ഞാണ് ഇപ്പോൾ തന്റെ ജീവിതം; ചാർമിള ജെബി ജംഗ്ഷനിൽ

കൊച്ചി: ബാബു ആന്റണി വിവാഹത്തിൽ നിന്നു പിൻമാറിയതിനാൽ മരിക്കാൻ തന്നെ താൻ തീരുമാനിച്ചുറപ്പിച്ചിരുന്നെന്നു ചാർമിള. അതിനു വേണ്ടി തന്നെയാണ് ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. കയ്യിലെയും കാലിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. അന്നു ഉഷാറാണി വന്നതു കൊണ്ടു മാത്രമാണ് താൻ ഇന്നും ജീവിച്ചിരിക്കുന്നതെന്നും ചാർമിള പറഞ്ഞു. കൈരളി പീപ്പിൾ ടിവിയുടെ ജെബി ജംഗ്ഷൻ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാബു ആന്റണി വിവാഹത്തിൽ നിന്നു പിൻമാറിയതായിരുന്നു കാരണം. ജീവിച്ചിരിക്കണമെന്നു തനിക്ക് ഒരു ആഗ്രഹവും ഇല്ലായിരുന്നു. യുഎസിൽ പോയി വന്ന ശേഷം വിവാഹം ചെയ്യാമെന്നായിരുന്നു ബാബു ആന്റണി പറഞ്ഞിരുന്നത്. എന്നാൽ, യുഎസിൽ പോയ ബാബു പിന്നീട് മടങ്ങി വന്നില്ല. ഇതോടെ മരിക്കാൻ തീരുമാനിച്ചുറപ്പിച്ചു. അന്ന് ഉഷാറാണി വീട്ടിൽ വന്നപ്പോൾ കാറു കൊണ്ടു വന്നതു കൊണ്ടാണ് ആശുപത്രിയിൽ പെട്ടെന്നു എത്തിക്കാൻ സാധിച്ചത്. അവർ എത്തുമ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു താനെന്നും ചാർമിള പറഞ്ഞു.

ബാബു ആന്റണിയുമായുള്ള പ്രണയബന്ധം അച്ഛൻ വിലക്കിയിരുന്നു. അച്ഛനു സത്യത്തിൽ ബാബുവിനോടു വെറുപ്പായിരുന്നു. എന്നേക്കാൾ പ്രായമുണ്ടെന്നതായിരുന്നു അച്ഛന്റെ എതിർപ്പിനുള്ള ഒരു കാരണം. മറ്റെന്തോ ഒരു കാരണവും ഉണ്ടായിരുന്നു. എന്നാൽ, അത് എന്താണെന്നു തന്നോടു പറഞ്ഞിട്ടില്ല. സഹോദരനോടും എന്തോ ഒരു പ്രശ്‌നമുണ്ടായിരുന്നു. അതിന്റെയും വസ്തുത തനിക്കറിയില്ല.

എന്നാൽ, അക്കാലത്ത് ബാബു മാറ്റത്തിന്റെ പാതയിലായിരുന്നു. അതുവരെ പള്ളിയിലൊന്നും പോകാറില്ലാതിരുന്ന ബാബു ആ സമയത്ത് പള്ളിയിലും പോകാറുണ്ടായിരുന്നു. അങ്ങനെ എല്ലാ അർത്ഥത്തിലും മാറ്റത്തിന്റെ പാതയിലായിരുന്നു. ആ സമയത്താണ് അമേരിക്കയിലേക്കു പോകാൻ തീരുമാനിച്ചത്. അമേരിക്കയിൽ പോയി വന്നു വിവാഹം ചെയ്യാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, പിന്നീട് ആൾ തിരിച്ചുവന്നില്ലെന്നും ചാർമിള പറഞ്ഞു.

ഈ മനോവിഷമത്തിൽ ഇരിക്കുന്ന സമയത്താണ് സീരിയൽ താരം കിഷോർ സത്യയുമായി അടുക്കുന്നത്. അടിവാരം സിനിമയുടെ സെറ്റിൽ വച്ചാണ് അടുപ്പം തുടങ്ങിയത്. പിന്നീട് അതു വിവാഹത്തിൽ കലാശിച്ചു. എന്നാൽ, ആ ബന്ധം ശരിയായ അർത്ഥത്തിൽ നീണ്ടുനിന്നത് മൂന്നുമാസം മാത്രമാണ്. താൻ ഇന്നു ഏറ്റവും കൂടുതൽ വെറുക്കുന്നത് കിഷോർ സത്യയെ ആണ്.

രണ്ടു ബന്ധങ്ങൾ തകർന്നിട്ടും താൻ തളരാതെ പിടിച്ചുനിന്നു. ആ സമയത്താണ് സഹോദരിയുടെ സുഹൃത്ത് രാജേഷ് വീട്ടിൽ നിത്യസന്ദർശകനാകുന്നത്. രാജേഷ് തന്നോടു പ്രണയം പറഞ്ഞു. ആദ്യമൊന്നും താൻ അതിനെ പ്രോത്സാഹിപ്പിച്ചില്ല. എന്നാൽ, പിന്നീട് രാജേഷിന്റെ നിർബന്ധത്തിനു വഴങ്ങി വിവാഹത്തിനു തയ്യാറാകുകയായിരുന്നു. വിവാഹം രജിസ്റ്റർ ചെയ്യുന്നതിനു തൊട്ടുമുമ്പാണ് രാജേഷ് തന്നെക്കാൾ പ്രായം കുറഞ്ഞയാളാണെന്നു മനസ്സിലാക്കുന്നത്.

വിവാഹം ആലോചിച്ചാകാം എന്നു താൻ പറഞ്ഞെങ്കിലും രാജേഷ് സമ്മതിച്ചില്ല. ആ ബന്ധത്തിൽ ഒരു കുട്ടിയുണ്ടായി. അവനാണ് ഇപ്പോൾ തന്റെ എല്ലാം. രാജേഷുമായുള്ള ബന്ധവും അധികകാലം നീണ്ടുനിന്നില്ല. എന്നാൽ, രാജേഷ് ഇപ്പോൾ അടുത്ത സുഹൃത്താണ്-ചാർമിള പറഞ്ഞുനിർത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here