ജഗതി ശ്രീകുമാർ ദുബായ് മലയാളികളെ കാണാനെത്തുന്നു;അപകടത്തിനു ശേഷം നടത്തുന്ന ആദ്യത്തെ വിദേശയാത്ര; കൈരളി ടിവിയുടെ ഇശൽലൈല പരിപാടിയിൽ ജഗതിയും കുടുംബവും പങ്കെടുക്കും

ദുബായ്: മലയാളികളുടെ പ്രിയതാരം ജഗതി ശ്രീകുമാർ ദുബായ് മലയാളികൾക്കു മുന്നിലേക്കെത്തുന്നു. വാഹനാപകടം സമ്മാനിച്ച ദുരിതത്തിനു ശേഷം ആദ്യമായാണ് ജഗതി ശ്രീകുമാർ വിദേശ സന്ദർശനം നടത്തുന്നത്. ഏപ്രിൽ ഏഴിന് വെള്ളിയാഴ്ച ദുബായ് സബീൽ പാർക്ക് അഞ്ചിൽ നടക്കുന്ന ഇശൽ ലൈല എന്ന പ്രോഗ്രാമിൽ ജഗതിയും കുടുംബവും പങ്കെടുക്കും. ജഗതിക്ക് കൈരളി ടിവി പുരസ്‌കാരം നൽകി ആദരിക്കും.

മലയാള സിനിമയിൽ നർമത്തിന് പുതിയ മാനം സൃഷ്ടിച്ച, ഹാസ്യത്തിനൊപ്പം ഗൗരവ അഭിനയം കൊണ്ടും ലോകമെങ്ങുമുള്ള മലയാളികളുടെ മനസ്സിൽ അനശ്വരത നേടിയ അപൂർവ നടനാണ് ജഗതി ശ്രീകുമാർ. ദാരുണമായ വാഹനാപകടത്തിനു ശേഷം ആദ്യമായാണ് ജഗതി വിദേശത്തു യാത്ര ചെയ്യുന്നത്. മാപ്പിളപ്പാട്ടുകളുടെ വലിയ ആഘോഷ വേദിയായ കൈരളി ടിവി സംഘടിപ്പിക്കുന്ന ഇശൽ ലൈലയിൽ അതിഥിയായാണ് ജഗതി എത്തുന്നത്.

അഞ്ചു വർഷം മുൻപ് കോഴിക്കോട് വെച്ചുണ്ടായ അപകടത്തിൽ ഗുരുതരമായ പരുക്കേറ്റ ജഗതി ഒരു വർഷം ആശുപത്രികളിലായിരുന്നു. അപകടാവസ്ഥ തരണം ചെയ്തു ജീവിതത്തിലേക്ക് സജീവമായി വരുന്ന ജഗതിയെ കൈരളി ടി.വി ദുബായിൽ സംഘടിപ്പിക്കുന്ന ഇശൽ ലൈല എന്ന പരിപാടിയിൽ അവാർഡ് നൽകി ആദരിക്കും. ഏപ്രിൽ ഏഴിന് വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് ദുബായ് സബീൽ പാർക്ക് അഞ്ചിലാണ് പരിപാടി നടക്കുന്നത്. മമ്മൂട്ടി, ഇന്നസെന്റ്, നിവിൻ പോളി തുടങ്ങിയ താരങ്ങളും ഇശൽ നിശയിൽ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here