ആഴ്‌സണലിനെ കളി പഠിപ്പിക്കാൻ തിയറി ഹെൻറി എത്തിയേക്കും; അഴ്‌സീൻ വെംഗറെ തെറിപ്പിച്ച് കോച്ച് കസേരയിലേക്ക് പഴയ ശിഷ്യൻ എത്തുമോ എന്നു ഉറ്റു നോക്കി പ്രീമിയർ ലീഗ്

ലണ്ടൻ: ആഴ്‌സണലിനെ കളി പഠിപ്പിക്കാൻ ഡ്രൈവിംഗ് സീറ്റിലേക്ക് അവരുടെ ഇതിഹാസതാരം തിയറി ഹെൻറി വരുമോയെന്നാണ് ഇപ്പോൾ പ്രീമിയർ ലീഗിലെ ചോദ്യം. തോറ്റുതോറ്റ് ടീമിനെ ഒരു വഴിക്കാക്കിയ മാനേജർ അഴ്‌സീൻ വെംഗറോട് പണി നിർത്തിക്കോളാൻ ഗണ്ണേഴ്‌സ് മാനേജ്‌മെന്റ് അറിയിപ്പ് കൊടുത്തെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ. പഴയ പ്രതാപം വീണ്ടെടുക്കാൻ തിയറി ഹെൻറി വരണമെന്നാണ് ഗണ്ണേഴ്‌സ് ആരാധകർ മുറവിളി കൂട്ടുന്നത്.

തിയറി ഹെൻറിയുടെ ബൂട്ടിന്റെ കരുത്തിലാണ് ആഴ്‌സണൽ പ്രതാപകാലത്ത് കിരീടങ്ങൾ വാരിക്കൂട്ടിയിരുന്നത്. 1999-ൽ ആഴ്‌സണലിലെത്തിയ ഹെൻറി 2007 വരെ ഗണ്ണേഴ്‌സിന്റെ മുൻനിര പോരാളിയായിരുന്നു. 11 മില്ല്യൺ യൂറോയുടെ റെക്കോർഡ് തുകയ്ക്കാണ് 1999-ൽ ആഴ്‌സൺ അഴ്‌സീൻ വെംഗർ ഹെൻറിയെ
ആഴ്‌സണലിലെത്തിച്ചത്. പിന്നീട് ആഴ്‌സണലിൻറെയും ഹെൻറിയുടേയും സമയമായിരുന്നു. പ്രീമിയർ ലീഗ്, എഫ്എ കപ്പ് കിരീടങ്ങൾ എമിറേറ്റ്‌സ് സ്റ്റേഡിയത്തിന്റെ ഷോക്കേസിലേക്ക് ഒഴുകിയെത്തി.

എന്നാൽ 2007-ൽ ഹെൻറി അടക്കമുള്ള സുവർണനിര വിടപറഞ്ഞതോടെയാണ് വെംഗറുടേയും ആഴ്‌സണലിന്റെയും കഷ്ടകാലം തുടങ്ങിയത്. പിന്നീട് ഇതുവരെ ഒരു മേജർ കിരീടം നേടാൻ അവർക്ക് കഴിഞ്ഞില്ല. ഈ സീസണിൽ നന്നായി തുടങ്ങിയെങ്കിലും സീസൺ പകുതി പിന്നിട്ടതോടെ തോൽവികൾ മാത്രമാണ് ആഴ്‌സണലിന്റെ അക്കൗണ്ടിലുള്ളത്. തോൽവികൾ തുടർക്കഥയായതോടെ വെംഗർക്കെതിരെ ആരാധകരും തിരിയുകയായിരുന്നു.

വെംഗർ പണി നിർത്തിപ്പോകണമെന്ന് ആരാധകർ ഗ്യാലറികളിൽ ബാനർ വരെ ഉയർത്തിത്തുടങ്ങി. ആരാധകരോഷം ശക്തമായതോടെയാണ് സീസണിനു ശേഷം ഇതിഹാസ പരിശീലകന്റെ കരാർ പുതുക്കേണ്ട എന്ന തീരുമാനത്തിലേക്ക് ആഴ്‌സണൽ മാനേജ്‌മെന്റ് എത്തിയത്. പ്രീമിയർ ലീഗെന്നല്ല ലോക ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകകരിലൊരാളായ വെംഗറുടെ കരിയർ അവസാനിക്കുമ്പോൾ അന്ത്യമാകുന്നത് യൂറോപ്യൻ ഫുട്‌ബോളിലെ ഒരു യുഗത്തിനു കൂടിയാണ്.

ഹെൻറി ആഴ്‌സണലിലേക്ക് എത്തിയാൽ ഗുരുനാഥന്റെ കസേരയിലേക്ക് പഴയ ശിഷ്യൻ വരുന്ന അപൂർവ കാഴ്ചയ്ക്കും കിഴക്കൻ ലണ്ടനിലെ എമിറേറ്റ്‌സ് മൈതാനം അരങ്ങൊരുക്കും. നിലവിൽ ബെൽജിയം ടീമിന്റെ സഹപരിശീലകനായി പ്രവർത്തിക്കുകയാണ് ഹെൻറി. കളിമികവ് തെളിയിച്ച പഴയ തട്ടകത്തിലേക്ക് കളി പഠിപ്പിക്കാൻ തിയറി ഹെൻറി വരുമോയെന്ന് വരും ദിവസങ്ങളിൽ ഉത്തരം ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News