തിരുവനന്തപുരം: ശശീന്ദ്രനെതിരായ ആരോപണത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ, ആര് അന്വേഷിക്കുമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. ഇക്കാര്യം മന്ത്രിസഭ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. കുറ്റമേറ്റല്ല ശശീന്ദ്രന്റെ രാജി. ധാർമികതയുടെ അടിസ്ഥാനത്തിലാണ് രാജി. ശശീന്ദ്രന്റെ ധാർമികത പൊതുസമൂഹം അംഗീകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിവാദ ഫോൺവിളി നടന്നത് ഫെബ്രുവരി ആദ്യവാരം ആയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. ഫെബ്രുവരി ഒന്നാം തീയതി മന്ത്രി ഗോവയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയിരുന്നു. ഈസമയത്തായിരിക്കാം ഫോൺ വിളിച്ചതെന്നാണ് കരുതപ്പെടുന്നത്. മന്ത്രി ഗോവയിൽ എത്തിയിരുന്നതായി സ്ഥിതീകരണമുണ്ട്. ഈ സാഹചര്യത്തിൽ എ.കെ ശശീന്ദ്രന്റെ ഫോൺ കോൾ വിശദാംശങ്ങൾ ശേഖരിക്കാൻ പൊലീസ് ആലോചിക്കുന്നുണ്ട്. ഇക്കാര്യമാണ് അന്വേഷണത്തിനു വിധേയമാക്കുക.

രാവിലെ എ.കെ ശശീന്ദ്രനും പിന്നീട് ഡിജിപിയും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തനിക്കെതിരായ ആരോപണം അസ്വാഭാവികമാണെന്നാണ് ശശീന്ദ്രൻ പറഞ്ഞത്. ഏതുതരം അന്വേഷണം വേണമെങ്കിലും നടത്താമെന്നും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. ഇതിനുശേഷമാണ് മുഖ്യമന്ത്രി ഡിജിപിയെ വിളിച്ചുവരുത്തിയത്.

അതേസമയം, മന്ത്രിപദത്തിനായി അവകാശവാദമുന്നയിച്ച് എൻസിപി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിപദം സംബന്ധിച്ച് തൂരുമാനമെടുക്കാൻ നാളെ തിരുവനന്തപുരത്ത് നേതൃയോഗം ചേരും. മന്ത്രി വേണമെന്ന നിലപാടിൽതന്നെയാണ് ദേശിയ നേതൃത്വവും. തോമസ് ചാണ്ടി മന്ത്രിയാകണമോ അതോ അന്വേഷണത്തിന് ശേഷം ശശീന്ദ്രൻ തിരിച്ചുവരണമോയെന്ന കാര്യം നാളെ തീരുമാനിക്കും. സ്ത്രീയുടെ പരാതിയില്ലാതെ വാർത്ത പുറത്തുവിട്ടത് മന്ത്രിയെ തേജോവധം ചെയ്യാനാണെന്ന നിലപാടിലാണ് എൻസിപി.