കാൽനൂറ്റാണ്ടിനിപ്പുറവും വേട്ടയാടുന്ന സിസ്റ്റർ അഭയയുടെ മരണം; അഭയകേസിന്റെ നാൾവഴികൾ

കാൽനൂറ്റാണ്ടിനിപ്പുറവും സിസ്റ്റർ അഭയയുടെ മരണവാർത്ത ഇന്നും നമ്മെ വേട്ടയാടുകയാണ്. 1992 മാർച്ച് 27ന് പുലർച്ചെ ആറുമണി. കോട്ടയം പയസ് ടെൻത് കോൺവെന്റ് ഉണർന്നത് ഒരു ദാരുണ വാർത്തയിൽ നിന്നാണ്. സിസ്റ്റർ അഭയ കോൺവെന്റിലെ കിണറ്റിനുള്ളിൽ മരിച്ചുകിടക്കുന്നു. സംഭവം നടന്ന് കാൽനൂറ്റാണ്ടായിയിട്ടും അതിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. അഭയ കേസിൻറെ നാൾവഴികളിലൂടെ ഒരു സഞ്ചാരം.

1992 മാർച്ച് 27നാണ് കോട്ടയം ബിസിഎം കോളജ് വിദ്യാർത്ഥിനി കൂടിയായിരുന്ന സിസ്റ്റർ അഭയയെ പയസ് ടെൻത് കോൺവെന്റിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് ലോക്കൽ പൊലീസും അതിനു ശേഷം ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. ആത്മഹത്യ എന്ന നിലയിൽ കേസ് അവസാനിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിച്ചത്. തുടർന്ന് 1993 മാർച്ചിൽ ഹൈക്കോടതിയുടെ നിർദേശ പ്രകാരം സിബിഐ കേസ് അന്വേഷണം ആരംഭിച്ചു. 1996ൽ കേസ് തള്ളണമെന്നാവശ്യപ്പെട്ട് സിബിഐയുടെ റിപ്പോർട്ട് എറണാകുളം ചിഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് തള്ളി. അഭയയുടെ മരണം കൊലപാതകമാണെന്ന നിഗമനത്തിൽ സിബിഐ 1999-ൽ എത്തിയെങ്കിലും തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ടതിനാൽ പ്രതികളെ പിടികൂടാനായില്ലെന്ന് സിബിഐ നിലപാടെടുക്കുകയായിരുന്നു.

2000-ൽ കേസിന്റെ പുനരന്വേഷണം പുതിയ ടീമിനെ ഏൽപ്പിക്കണമെന്നും ആധുനിക കുറ്റാന്വേഷണ മാർഗങ്ങൾ ഉപയോഗപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു. 2005-ൽ കേസന്വേഷണം അവസാനിപ്പിക്കാൻ സിബിഐ വീണ്ടും അനുമതി തേടി. അതും കോടതി തള്ളി. 2007-ൽ അഭയ കേസിലെ ആന്തരികാവയവ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ നടന്നുവെന്ന റിപ്പോർട്ട് വന്നു. ഏറെ സമ്മർദ്ദത്തിനൊടുവിൽ 2008-ൽ കേസിലെ ഒന്നാംപ്രതി ഫാദർ തോമസ് കോട്ടൂർ, രണ്ടാംപ്രതി ഫാദർ ജോസ് പുതൃക്കയിൽ, മൂന്നാംപ്രതി സിസ്റ്റർ സെഫി എന്നിവരെ സിബിഐ കസ്റ്റഡിയിൽ എടുത്തു.

ഇതിനിടയിലാണ് അഭയ അത്മഹത്യ ചെയ്തതാണെന്നുള്ള ഇൻക്വസ്റ്റ് തയ്യാറാക്കിയ അന്നത്തെ കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ എഎസ്‌ഐ വി.വി. അഗസ്റ്റിൻ 2008 നവംബർ 24ന് ആത്മഹത്യ ചെയ്യുന്നത്. കേസ് സംബന്ധിച്ച് നിർണായക തെളിവുകൾ നശിപ്പിച്ചുവെന്ന് ഇയാൾക്കെതിരെ ആരോപണമുണ്ടായിരുന്നു. അഗസ്റ്റിൻ മാപ്പു സാക്ഷിയാകാനും തയ്യാറായിരുന്നു.

2009ൽ കസ്റ്റഡിയിൽ എടുത്ത പ്രതികൾക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു. നിലവിൽ ഈ പ്രതികൾ ജാമ്യത്തിലാണ്. 2013-ൽ പ്രാഥമിക തെളിവുകൾ നശിപ്പിക്കപ്പെട്ടുവെന്ന് കാണിച്ച് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ കെ.ടി മൈക്കിൾ നൽകിയ കേസിൽ തുടരന്വേഷണം നടത്തുവാൻ ഹൈക്കോടതി ഉത്തരവിട്ടു.
നാളിതുവരെ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അവസാനം സിബിഐയും അന്വേഷിച്ച കേസിൽ ഇതുവരെയും തീർപ്പായിട്ടില്ല.

2009 ജൂലൈ 17 നായിരുന്നു തിരുവനന്തപുരം പ്രത്യേക കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിക്കുന്നത്. എന്നാൽ എട്ടുകൊല്ലമായിട്ടും കേസിൽ വിചാരണ പോലും ആരംഭിച്ചിട്ടില്ല. പല കാരണത്താൽ വിചാരണ നീണ്ടുപോകുകയാണ്. അഭയയുടെ മരണത്തിനു പിന്നിലുള്ളവർ സുഖജീവിതവും സൈ്വര്യജീവിതവുമായി മുന്നോട്ടുപോകുകയാണ്. മകളെ ഇല്ലാതാക്കിയയവരെ ഇരുമ്പഴിക്കുള്ളിലാക്കണമെന്നാഗ്രഹിച്ച അമ്മ ഏലിയാമ്മയും പിതാവ് തോമസും ഇന്നു ഭൂമിയിലില്ല. അഭയ കേസ് മുഖ്യധാരയിലേക്കെത്തിച്ച ജോമോൻ പുത്തൻപുരയ്ക്കൽ കാൽനൂറ്റാണ്ടിലേറെയായി തുടരുന്ന നിയമപോരാട്ടത്തിലാണ്. അഭയയ്ക്ക് നീതി ലഭിക്കാൻ ഇനിയും എത്രനാൾ കാത്തിരിക്കേണ്ടി വരും?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News