മൂന്നാര്‍ കയ്യേറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; കയ്യേറ്റക്കാര്‍ക്കെതിരെ നിര്‍ദാഷണ്യം നടപടി സ്വീകരിക്കും

തിരുവനന്തപുരം: മൂന്നാറില്‍ കയ്യേറ്റങ്ങള്‍ യാതൊരുതരത്തിലും പ്രോല്‍സാഹിപ്പിക്കുകയില്ലെന്നും കയ്യേറ്റക്കാര്‍ക്കെതിരെ നിര്‍ദാഷണ്യം നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാറിലെ ഭൂപ്രകൃതി കണക്കാക്കിയും ആവശ്യകത അനുസരിച്ചും ആയിരിക്കും റിസോര്‍ട്ട് നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കുകയെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. മൂന്നാറിലെ ഭൂപ്രശ്‌നം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന്റെ തീരുമാനം വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മൂന്നാറിലെ ഭൂപ്രശ്‌നം സംബന്ധിച്ച പരാതികളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി ഉന്നതലയോഗം വിളിച്ചുചേര്‍ത്തത്. റവന്യൂവകുപ്പ് മന്ത്രിയും റവന്യൂവകുപ്പ് സെക്രട്ടറിയും ഇടുക്കിയിലെ എംഎല്‍എമാരും ദേവികുലം സബ്കളക്ടറും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ കയ്യേറ്റ വിഷയത്തില്‍ ഏകകണ്ഠമായ തീരുമാനമാണ് എടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പരിസ്ഥിതി സംരക്ഷിക്കുന്നതോടൊപ്പം കര്‍ഷകരുടെ താല്‍പര്യവും പരിഗണിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കര്‍ഷകര്‍ക്ക് അവര്‍ നട്ടുവളര്‍ത്തിയ മുറിച്ചെടുക്കാവുന്ന മരങ്ങള്‍ മുറിക്കുന്നതിന് തടസം നില്‍ക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പട്ടയ പ്രശ്‌നങ്ങള്‍ക്കും കയ്യേറ്റങ്ങളുടെ കാര്യത്തിലും പരിശോധന നടത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി റവന്യൂ ഉദ്ദ്യോഗസ്ഥര്‍ക്ക് അധികാരം വികേന്ദ്രീകരിച്ച് നല്‍കുന്ന കാര്യം റവന്യൂവകുപ്പ് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാറിലെ റിസോര്‍ട്ടുകളുെട കാര്യത്തിലെ സര്‍ക്കാര്‍ നിലപാടും മുഖ്യമന്ത്രി വ്യക്തമാക്കി.

കെ.രാജേന്ദ്രന്‍ എംഎല്‍എ വീട് വച്ചിരിക്കുന്നത് പട്ടയഭൂമിയിലാണ്. ദേവികുളം സബ്കളക്ടറെ മാറ്റുന്ന കാര്യം യോഗത്തില്‍ ചര്‍ച്ചചെയ്തില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News