അഭിഭാഷകരെ പരിഹസിച്ച് നിയമകമ്മീഷന്‍; ‘പാകിസ്ഥാനില്‍ ബോംബ് സ്‌ഫോടനമുണ്ടായാലും നേപ്പാളില്‍ ഭൂകമ്പം വന്നാലും അവര്‍ സമരം ചെയ്യും’

തിരുവനന്തപുരം: പാകിസ്ഥാനില്‍ ബോംബ് സ്‌ഫോടനമുണ്ടായാല്‍ വരെ സമരം നടത്തുന്നവരാണ് അഭിഭാഷകരെന്ന് നിയമകമ്മീഷന്‍. നിയമ കമ്മീഷന്റെ 266-ാമത് റിപ്പോര്‍ട്ടിലാണ് അഭിഭാഷകര്‍ എന്തിനും ഏതിനും സമരം നടത്തുന്നവരാണെന്ന പരാമര്‍ശമുള്ളത്. മുന്‍ സുപ്രീംകോടതി ജഡ്ജി വി.എസ് ചൗഹാന്‍ അധ്യക്ഷനായ കമ്മീഷന്റെ നിരീക്ഷണങ്ങള്‍ ഇങ്ങനെ പോകുന്നു.

പാകിസ്ഥാനില്‍ ബോംബ് സ്‌ഫോടനമുണ്ടായാലും നേപ്പാളില്‍ ഭൂകമ്പം വന്നാലും ശ്രീലങ്കയില്‍ ഭരണഘടനാ ഭേദഗതി ഉണ്ടായാലും കാവേരി നദീജല തര്‍ക്കമുണ്ടായാലും അഭിഭാഷകര്‍ സമരത്തിന് സാധ്യത കണ്ടെത്തുന്നുവെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകരുടെ സമരം മൂലം 2011-16 വര്‍ഷത്തില്‍ തമിഴ്‌നാട്ടിലെ കീഴ്‌ക്കോടതികളുടെ പ്രവര്‍ത്തനം 220 ദിവസം തടസപ്പെട്ടു. കാഞ്ചീപുരം കോടതിയില്‍ 687 ദിവസവും കന്യാകുമാരി കോടതിയില്‍ 585 ദിവസവും മധുര കോടതിയില്‍ 577 ദിവസവും കൂടല്ലൂരില്‍ 465 ദിവസും തടസപെട്ടുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ കീഴ്‌കോടതികളില്‍ മാത്രം രണ്ടു കോടിയിലേറെ കേസുകള്‍ കെട്ടിക്കിടക്കുമ്പോഴാണ് അഭിഭാഷകരുടെ സമരാഭാസമെന്നും കമ്മീഷന്‍ വിമര്‍ശിക്കുന്നു. കോടതികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും അഭിഭാഷകരെ നന്നാക്കാനും 1961ലെ അഡ്വക്കേറ്റ് ആക്റ്റ് മെച്ചപ്പെടുത്താനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here