ജനക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി; ആധാര്‍ കേസുകള്‍ ഉടന്‍ തീര്‍പ്പാക്കേണ്ടതില്ലെന്നും കോടതി

ദില്ലി: സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ ആകില്ലെന്ന് സുപ്രീംകോടതി. എന്നാല്‍ ബാങ്ക് അക്കൗണ്ട് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് ആധാര്‍ ആവശ്യപ്പെടാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മുഴുവന്‍ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെയാണ് സുപ്രീംകോടതി നിര്‍ദേശം.

പാചകവാതക സബ്‌സിഡിക്ക് അടക്കം സര്‍ക്കാരിന്റെ 36 സേവനങ്ങള്‍ക്കാണ് ഇപ്പോള്‍ ആധാര്‍ നിര്‍ബന്ധമുള്ളത്. എന്നാല്‍ ജനക്ഷേമപദ്ധതികള്‍ക്കായി ആധാര്‍ നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്നാണ് ആധാര്‍ നിര്‍ബന്ധം ആക്കിയതിന് എതിരെയുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ച് സുപ്രീംകോടതി വ്യക്തമാക്കിയത്.

അതേസമയം, പാന്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവയക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ നടപടിയുമായി കേന്ദ്രത്തിന് മുന്നോട് പോകാം. ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നത് പോലുള്ള കാര്യങ്ങള്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ക്കും ആധാര്‍ തുടരാം. സര്‍ക്കാരില്‍ നിന്നും ആനുകൂല്യം കിട്ടാത്ത ആദായ നികുതി പോലുള്ള മേഖലകളിലേക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതില്‍ തടസമില്ലെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് ജെഎസ് കെഹാര്‍ അധ്യക്ഷനായ ബെഞ്ച് ഓര്‍മ്മിപ്പിച്ചു.

കേസ് വേഗം തീര്‍ക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യവും സുപ്രീംകോടതി തള്ളി. ആധാര്‍ സംബന്ധിച്ച കേസുകള്‍ ഉടന്‍ തീര്‍പ്പാക്കേണ്ടതില്ലെന്ന് വ്യക്തമാക്കി കേസ് 7അംഗ വിപുല ബെഞ്ചിലേക്ക് മാറ്റുമെന്നും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here