‘മധുര വിപ്ലവ’ത്തിനൊരുങ്ങി കോഴിക്കോട്ടെ സ്ത്രീകള്‍; കാരുണ്യ അയല്‍ക്കൂട്ടത്തിന്റെ ചോക്ലേറ്റും കേക്കുകളും ഉടന്‍ വിപണിയില്‍

കോഴിക്കോട്: മധുരത്തിന്റെ നഗരമെന്ന് പേര് കേട്ട കോഴിക്കോട് നഗരത്തില്‍ മധുര വിപ്ലവത്തിനൊരുങ്ങുകയാണ് ഒരു കൂട്ടം സ്ത്രീകള്‍. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് വിവിധ മേഖലകളില്‍ സാന്നിധ്യമറിയിച്ച് വിജയത്തിന്റെ മധുരം നുണഞ്ഞ കുടുംബശ്രീയുടെ കീഴില്‍ സോയ് എന്ന ബ്രാന്‍ഡില്‍ മധുരമൂറുന്ന ചോക്ലേറ്റും കേക്കുകളും ഉടന്‍ വിപണിയിലെത്തും.

കോഴിക്കോട് കോര്‍പ്പറേഷനിലെ വെസ്റ്റ്ഹില്‍ കാരുണ്യ അയല്‍ക്കൂട്ടമാണ് സംരംഭത്തിന് തുടക്കം കുറിക്കുന്നത്. വിദേശത്തേക്കടക്കം ചോക്ലേറ്റുകളും കേക്കും കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഉത്പാദനത്തോടൊപ്പം ഉത്പന്നങ്ങളുടെ വിപണനവും കുടുംബശ്രീ നേരിട്ടായിരിക്കും നടത്തുന്നത്. ഗുണമേന്‍മയോടൊപ്പം മികച്ച സ്വാദും സോയ് ബ്രാന്‍ഡ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

20 രൂപയുടെ കപ്പ് കേക്ക് മുതല്‍ 2000 രൂപയുടെ കസ്റ്റമൈസ്ഡ് കേക്ക് വരെ സോയ് ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കും. ഉപഭോക്താവിന്റെ ആവശ്യാനുസരണം വിവിധ ആകൃതിയില്‍ നിര്‍മിച്ച് നല്‍കുന്ന കസ്റ്റമൈസ്ഡ് ചോക്ലേറ്റായിരിക്കും ബ്രാന്‍ഡിന്റെ മുഖ്യ ആകര്‍ഷണം. ആറുമാസമായി കുടുംബശ്രീ കോര്‍പറേഷന്‍ പരിധിയില്‍ വീടുകള്‍ കേന്ദ്രീകരിച്ച് ചെറിയ രീതിയില്‍ ചോക്ലേറ്റും കേക്കുകളും ഉത്പാദിപ്പിക്കുന്നുണ്ട്.

ഈസ്റ്റ് നടക്കാവില്‍ ഈ മാസം 29 മുതല്‍ സോയ് ഉത്പാദനയൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കും. ചോക്ലേറ്റ് ഉത്പാദനത്തിനായി ഇറ്റലിയില്‍ നിന്ന് അത്യാധുനിക മെഷീന്‍ യൂണിറ്റില്‍ സ്ഥാപിച്ചു കഴിഞ്ഞു. ഏപ്രില്‍ 15 മുതല്‍ സോയ് ബ്രാന്‍ഡ് ചോക്ലേറ്റും കേക്കും മധുരത്തിന്റെ നഗരത്തിലെ മധുര വിപണി കീഴടക്കാനെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here