തല്ലിയിട്ടും കലിപ്പ് തീരാതെ ശിവസേനാ എംപി; എയര്‍ലൈന്‍ കമ്പനികള്‍ക്കെതിരെ പ്രതികാരത്തിനൊരുങ്ങി രവീന്ദ്ര ഗെയ്ക്ക്‌വാദ്

എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി തല്ലിയ ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദ് ഒളിസങ്കേതത്തിലിരുന്ന് പ്രതികാര നടപടികള്‍ ആസൂത്രണം ചെയ്യുന്നു. ബുധനാഴ്ച പാര്‍ലമെന്റിലെത്തി തനിക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയ വിമാന കമ്പനികള്‍ക്കെതിരെ പ്രതിഷേധിക്കാനാണ് എംപിയുടെ പുതിയ പദ്ധതി.

എംപിയുടെ പ്രത്യേകാവാകാശത്തെ ഹനിച്ചുവെന്ന് കാണിച്ച് പാര്‍ലമെന്റില്‍ പ്രിവിലേജ് മോഷന്‍ നല്‍കാനാണ് ശിവസേന തീരുമാനിച്ചിരിക്കുന്നത്. എംപിയുടെ വിമാന ജീവനക്കാരനെ ചെരുപ്പൂരി അടിക്കല്‍ വലിയ വിവാദമായിട്ടും നടപടിയെടുക്കാന്‍ ശിവസേന തയ്യാറായിരുന്നില്ല. മഹാരാഷ്ട്രയിലെ രവീന്ദ്ര ഗെയ്ക്ക്‌വാദിന്റെ മണ്ഡലമായ ഒസ്മാനാബാദില്‍ ഹര്‍ത്താല്‍ നടത്തിയാണ് ശിവസേന അനുകൂലികള്‍ എംപിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ച എംപിയെ വിമാനത്തില്‍ കയറ്റില്ലെന്ന് എയര്‍ലൈന്‍സ് അസോസിയേഷന്‍ തീരുമാനമെടുത്തിരുന്നു. ഇതോടെ രവീന്ദ്ര ഗെയ്ക്ക്‌വാദിന് യാത്ര ട്രെയിനിലാക്കേണ്ടി വന്നിരുന്നു. ഇതോടെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ എയര്‍ലൈന്‍ കമ്പനികള്‍ക്കെതിരെ ‘പ്രതികാര’ നടപടിക്കൊരുങ്ങുകയായിരുന്നു എംപിയും പാര്‍ട്ടിയും. ബുക്ക് ചെയ്ത് ഉറപ്പിച്ച ടിക്കറ്റുകള്‍ റദ്ദാക്കിയ എയര്‍ ഇന്ത്യയ്ക്കും ഇന്‍ഡിഗോയ്ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗെയ്ക്ക്‌വാദ് ഭീഷണി മുഴക്കിയിരുന്നു.

സംഭവത്തില്‍ ഒരിക്കലും മാപ്പ് പറയില്ലെന്ന നിലപാട് എടുത്തതോടെയാണ് എംപിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ എയര്‍ ഇന്ത്യ അടക്കമുള്ള എയര്‍ലൈന്‍ കമ്പനികള്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് ദില്ലിയില്‍ നിന്നും മുംബൈയിലേക്ക് തിരിച്ച് ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഗെയ്ക്ക്‌വാദ് നിര്‍ബന്ധിതനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here