ഒഴിവ് വന്ന മന്ത്രിസ്ഥാനം എന്‍സിപിക്ക് അവകാശപ്പെട്ടതാണെന്ന് കോടിയേരി; ആരോപണങ്ങള്‍ അലങ്കാരമായി കണ്ടവരായിരുന്നു യുഡിഎഫ് മന്ത്രിമാര്‍

കൊച്ചി: ഒഴിവ് വന്ന മന്ത്രി സ്ഥാനം എന്‍സിപിക്ക് അവകാശപ്പെട്ടതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. ശശീന്ദ്രന്റെ രാജി ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചാണെന്നും ആരോപണങ്ങള്‍ അലങ്കാരമായി കണ്ടവരായിരുന്നു യുഡിഎഫ് മന്ത്രിമാരെന്നും കോടിയേരി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നടക്കുന്ന ശ്രമങ്ങള്‍ കരുതലോടെ നേരിടുകയാണ് വേണ്ടതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ ഇത്തരം ശ്രമത്തിന്റെ ഭാഗമാണ്. ശശീന്ദ്രന് എതിരെ ഉയര്‍ന്ന ആരോപണം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ല. ആരോപണം ഉണ്ടായപ്പോള്‍തന്നെ മന്ത്രി രാജിവെച്ചു. ഇത് സ്വാഗതാര്‍ഹമാണ്. ആരോപണത്തിന്റെ ശരിതെറ്റുകള്‍ പരിശോധിക്കണം. ശശീന്ദ്രന്റെ രാജി ധാര്‍മികത ഉയര്‍ത്തിയാണ്. പുതിയ മന്ത്രിയെ തീരുമാനിക്കേണ്ടത് എന്‍സിപിയാണ്. ആരോപണങ്ങള്‍ അലങ്കാരമാക്കിയ യുഡിഎഫ് ഭരണമായിരുന്നു ഇതിനുമുമ്പുണ്ടായിരുന്നതെന്നും അദേഹം പറഞ്ഞു.

പൊലീസിന് സമ്പൂര്‍ണ്ണമായി വീഴ്ച പറ്റിയെന്ന ആരോപണം തെറ്റാണ്. കേസുകള്‍ പരിഗണിക്കുന്നതില്‍ ചില ദിവസങ്ങള്‍ വൈകിയെന്ന ആക്ഷേപം ശരിയാണ്. ഈ കേസുകളിലെല്ലാം പ്രതികള്‍ പിടിയിലായി. കൊട്ടിയൂരില്‍ വൈദികന്‍ ഉള്‍പ്പെട്ടെ കേസില്‍ പ്രതി രാജ്യം വിട്ടുപോകാനുള്ള ശ്രമം തടഞ്ഞ് പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു. മൂന്നാറില്‍ സബ് കളക്ടറുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണെന്നും കോടിയേരി പറഞ്ഞു.

അയോധ്യ വിഷയം മധ്യസ്ഥനെ ഉപയോഗിച്ച് പരിഹരിക്കണമെന്നുള്ള സുപ്രിംകോടതി വിധിയില്‍ യുഡിഎഫ് നയം വ്യക്തമാക്കണം. വിധിയെ മുസ്ലിം ലീഗ് എതിര്‍ത്തപ്പോള്‍ കോണ്‍ഗ്രസ് അനുകൂലിച്ചു. യുഡിഎഫ് നിലപാടാണ് എന്താണെന്ന് വ്യക്തമാക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel