സ്ത്രീവിരുദ്ധ പരാമര്‍ശവുമായി എംഎം ഹസന്‍: ‘ആര്‍ത്തവം അശുദ്ധി, ആര്‍ത്തവകാലത്ത് സ്ത്രീകള്‍ ആരാധനാലയങ്ങളില്‍ പോകരുത്, വീട്ടിലിരിക്കണം’

തിരുവനന്തപുരം: കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യം പങ്കെടുത്ത പൊതുപരിപാടിയില്‍ത്തന്നെയാണ് ഹസന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച യുവ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ക്യാമ്പിലാണ് ഹസന്റെ പരാമര്‍ശം.

ആര്‍ത്തവം അശുദ്ധിയാണെന്നും ആര്‍ത്തവകാലത്ത് സ്ത്രീകള്‍ ആരാധനാലയങ്ങളില്‍ പോകരുത് എന്ന് പറയുന്നതില്‍ ശാസ്ത്രമുണ്ടെന്നും ക്യാമ്പില്‍ ഹസന്‍ വാദിച്ചു. ഇതിനെ ക്യാമ്പില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ ഭാഷയില്‍ ചോദ്യം ചെയ്‌തെങ്കിലും ഹസന്‍ നിലപാട് തിരുത്താന്‍ തയ്യാറായില്ല.

അശുദ്ധരായിരിക്കുന്ന അവസ്ഥയില്‍ അമ്പലത്തിലും പള്ളിയിലും ആരാധന നടത്തരുതെന്ന് പറയുന്നതില്‍ ശാസ്ത്രീയ കാരണങ്ങളുണ്ട്. അതിനെ മറ്റൊരുനിലയില്‍ കാണേണ്ടതില്ല. ഈ ദിവസങ്ങളില്‍ മുസ്ലീം സ്ത്രീകള്‍ നോമ്പെടുക്കാറില്ല. ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യാനിയായാലും അശുദ്ധിയുള്ള സമയങ്ങളില്‍ സ്ത്രീകള്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കേണ്ടതില്ലെന്ന അഭിപ്രായമാണ് തനിക്കെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. മാധ്യമ ക്യാമ്പിന്റെ ഭാഗമായി മാധ്യമങ്ങളും രാഷ്ട്രീയവും എന്ന സെഷനിലാണ് പരാമര്‍ശം.

ഏത് തരം അശുദ്ധിയെക്കുറിച്ചാണ് താങ്കള്‍ പറയുന്നതെന്ന് ഒരു പെണ്‍കുട്ടി എഴുന്നേറ്റ് നിന്ന് ചോദിച്ചു. താങ്കള്‍ പറയുന്ന അശുദ്ധി ഞങ്ങള്‍ക്ക് മനസിലാകുന്നില്ല. രക്തമാണ് ഉദേശിച്ചതെങ്കില്‍ ഞാനും താങ്കളുമെല്ലാം ആ അശുദ്ധിയുടെ ഭാഗമല്ലേ എന്നും പെണ്‍കുട്ടി ചോദിച്ചു. അപ്പോഴും താന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നായിരുന്നു ഹസന്റെ മറുപടി. ഈ വിഷയത്തില്‍ ഇപ്പോള്‍ തനിക്ക് ഇത്രയേ പറയാനുള്ളൂവെന്നും ഹസന്‍ തറപ്പിച്ച് പറയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News