ഡാമുകളില്‍ ജലനിരപ്പ് താഴുന്നത് കുടിവെള്ള വിതരണത്തെ ബാധിക്കുന്നു; ഏപ്രിലില്‍ മഴ ലഭിച്ചാലും ജല സംഭരണികളില്‍ വെള്ളമെത്തില്ലെന്ന് മുന്നറിയിപ്പ്

തൃശൂര്‍: പതിവിലധികം വേനല്‍ മഴ ലഭിച്ചിട്ടും ഡാമുകളില്‍ ജലനിരപ്പ് താഴുന്നത് തൃശൂര്‍ ജില്ലയിലെ കുടിവെള്ള വിതരണത്തെ ബാധിച്ചു തുടങ്ങി. ക്രമാതീതമായി ചൂട് കൂടി വരുന്നതും, മധ്യകേരളത്തില്‍ മഴയ്ക്കുള്ള സാധ്യത മങ്ങിയതും ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. ഏപ്രില്‍ മാസത്തില്‍ മഴ ലഭിച്ചാലും ജല സംഭരണികളില്‍ വെള്ളമെത്തില്ലെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്നത്.

ഇക്കൊല്ലം മുന്‍വര്‍ഷങ്ങളേക്കാള്‍ ഇരട്ടിയിലധികം വേനല്‍മഴ ലഭ്യമായെങ്കിലും തൃശൂരില്‍ ചൂട് ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ജില്ലയുടെ കുടിവെള്ള ശ്രോതസ്സുകളായ പീച്ചി, ചിമ്മിനി, വാഴാനി ഡാമുകളില്‍ ജലനിരപ്പ് കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 66.52 ക്യബിക് മീറ്റര്‍ വെള്ളമുണ്ടായിരുന്ന ചിമ്മിനി ഡാമില്‍ ഇപ്പോള്‍ 44.50 ആണ് ജലനിരപ്പ്. ഇരുപത്തിരണ്ട് ക്യുബിക് മീറ്റര്‍ കുറവ്. തൃശൂര്‍ നഗരത്തിന്റെ ദാഹമകറ്റുന്ന പീച്ചി ഡാമില്‍ ഇക്കൊല്ലം 2.61 ക്യുബിക് മീറ്ററിന്റെ കുറവുണ്ട്. വാഴാനി ഡാമില്‍ 2.31 ആണ് വ്യത്യാസം. എല്ലാ ജലസംഭരണികളിലും ദിനംപ്രതി മൂന്ന് സെന്റീമീറ്റര്‍ വീതം ജലനിരപ്പ് താഴുകയുമാണ്. ഇനിയുള്ള ദിവസങ്ങളില്‍ മധ്യകേരളത്തില്‍ വരണ്ട കാലാവസ്ഥയായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.

ഏപ്രില്‍ മധ്യത്തോടെ വീണ്ടും വേനല്‍മഴ എത്തുമെന്നാണ് പ്രതീക്ഷ. ന്യൂനമര്‍ദ്ദം, പാത്തി, അന്തരീക്ഷ ചുഴലി തുടങ്ങിയ പ്രതിഭാസങ്ങള്‍ ഉണ്ടായാലേ ഡാമുകളില്‍ വെള്ളമെത്തും എന്നാണ് നിരീക്ഷണം.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പരക്കെ മഴ ലഭിക്കാനുള്ള സാധ്യതകള്‍ ഇല്ലെന്നാണ് പഠനം. ഏപ്രില്‍ മാസത്തില്‍ ഡാമുകളിലെ ജലനിരപ്പ് ഇനിയും താഴുന്ന സാഹചര്യമുണ്ടായാല്‍ ജില്ലയിലെ ശുദ്ധജല വിതരണം മുടങ്ങുമെന്ന ആശങ്കയാണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News