ശശീന്ദ്രന്റെ രാജിയുടെ പശ്ചാത്തലത്തിൽ ഇന്നു എൻസിപി നേതൃയോഗം; പകരം മന്ത്രിയുടെ കാര്യത്തിലും തീരുമാനമുണ്ടാകും; ശശീന്ദ്രനെ കുടുക്കിയതാണെന്നു പാർട്ടി

തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ രാജിയുടെ പശ്ചാത്തലത്തിൽ എൻസിപി നേതൃയോഗം ഇന്നു തിരുവനന്തപുരത്തു ചേരും. എ.കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാനാണ് യോഗം. മുതിർന്ന നേതാക്കളും പാർട്ടിയുടെ രണ്ടു എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കും. ശശീന്ദ്രനെ കുടുക്കിയതാണെന്ന വാദം പാർട്ടിക്കുള്ളിൽ ശക്തമാണ്. ഈ സാഹചര്യത്തിൽ ശക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാണ് പൊതുവികാരം. ശശീന്ദ്രനു പകരം മന്ത്രി വേണമോ എന്ന കാര്യത്തിലും ഇന്നു ചേരുന്ന നേതൃയോഗത്തിൽ തീരുമാനം കൈക്കള്ളുമെന്നാണ് സൂചന. കുട്ടനാട് എംഎൽഎ തോമസ് ചാണ്ടിയാണ് എൻസിപിയിൽ നിന്നുള്ള രണ്ടാമത്തെ എംഎൽഎ.

ശശീന്ദ്രനെതിരായ ആരോപണത്തിൽ സർക്കാർ ഇന്നലെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ, ആര് അന്വേഷിക്കുമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. ഇക്കാര്യം മന്ത്രിസഭ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. കുറ്റമേറ്റല്ല ശശീന്ദ്രന്റെ രാജി. ധാർമികതയുടെ അടിസ്ഥാനത്തിലാണ് രാജി. ശശീന്ദ്രന്റെ ധാർമികത പൊതുസമൂഹം അംഗീകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിവാദ ഫോൺവിളി നടന്നത് ഫെബ്രുവരി ആദ്യവാരം ആയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. ഫെബ്രുവരി ഒന്നാം തീയതി മന്ത്രി ഗോവയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയിരുന്നു. ഈസമയത്തായിരിക്കാം ഫോൺ വിളിച്ചതെന്നാണ് കരുതപ്പെടുന്നത്. മന്ത്രി ഗോവയിൽ എത്തിയിരുന്നതായി സ്ഥിതീകരണമുണ്ട്. ഈ സാഹചര്യത്തിൽ എ.കെ ശശീന്ദ്രന്റെ ഫോൺ കോൾ വിശദാംശങ്ങൾ ശേഖരിക്കാൻ പൊലീസ് ആലോചിക്കുന്നുണ്ട്. ഇക്കാര്യമാണ് അന്വേഷണത്തിനു വിധേയമാക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here