ബഹുസ്വരതയോടു വൈമുഖ്യം കാട്ടുന്നത് ജനാധിപത്യത്തിനു ഭീഷണിയാണെന്നു കുമാർ സാഹ്നി; തന്റെ വിശ്വാസത്തിനു എതിരായവർ ദേശവിരുദ്ധർ എന്നു പറയുന്നതു തെറ്റ്

കൊല്ലം: ബഹുസ്വരതയോടു വൈമുഖ്യം കാട്ടുന്നത് ഇന്ത്യൻ ജനാധിപത്യത്തിനു ഭീഷണിയാണെന്നു വിഖ്യാത ചലച്ചിത്രകാരൻ കുമാർ സാഹ്നി അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമി കൊല്ലം പ്രസ് ക്ലബിന്റെയും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും സഹകരണത്തോടെ ദേശസ്‌നേഹം-ജനാധിപത്യം-മാധ്യമം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരാൾ വിശ്വസിക്കുന്ന മതം, ദൈവം, രാഷ്ട്രീയം എന്നിവ മാത്രമാണ് ശരിയെന്നും ഇതിനു പുറത്തുള്ളവരെല്ലാം ദേശവിരുദ്ധരാണെന്നുമുള്ള പ്രചാരണം തെറ്റാണ്. കപടദേശീയതയുടെ നിർമിതിയിലൂടെയാണ് ഇറ്റലിയിൽ സിൽവിയോ ബെർലുസ്‌കോണി തുടർച്ചയായി അധികാരത്തിലെത്തിയത്. എന്നാൽ ഇറ്റലിയുടെ സാംസ്‌കാരിക അപചയമാണ് തുടർന്ന് നമുക്ക് കാണാൻ കഴിഞ്ഞത്. ഇത് ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ വളരെ പ്രസക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇറോം ശർമിളയെപ്പോലെ ഒരു വനിതയ്ക്ക് നീതിക്കായി ദശാബ്ദക്കാലത്തിലധികം സമരം ചെയ്യേണ്ടിവന്ന ഇന്ത്യയിൽ ജനാധിപത്യത്തെ പുനർനിർവചിക്കേണ്ടതുണ്ട്. എന്നാൽ രാജ്യം നേരിടുന്ന ഇത്തരം വെല്ലുവിളികളെ തുറന്നു കാട്ടുന്നതിൽ മാധ്യമങ്ങൾക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്നു പരിശോധിക്കണമെന്നും കുമാർ സാഹ്നി അഭിപ്രായപ്പെട്ടു.

മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു അധ്യക്ഷത വഹിച്ചു. മാധ്യമങ്ങൾക്ക് ശക്തമായ നിലപാട് ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ ശരിയുടെ ഭാഗത്ത് നിലയുറപ്പിക്കാൻ അവയ്ക്ക് സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.

മണിപ്പൂരിലെ ജനാധിപത്യ പോരാളി ഇറോം ശർമിളയെ ചടങ്ങിൽ ആദരിച്ചു. മാൻഹോളിന്റെ സംവിധായിക സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് വിധു വിൻസെന്റിനെയും ചടങ്ങിൽ അനുമോദിച്ചു. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം.ജി രാധാകൃഷ്ണൻ സെമിനാറിന്റെ മോഡറേറ്ററായി. ദേശീയ മാധ്യമങ്ങൾ ഏറിയ പങ്കും ഭരണകൂടത്തിന്റെ പിണിയാളുകളായി മാറുമ്പോൾ കേരളത്തിലെ മാധ്യമപ്രവർത്തകർ വേറിട്ട സ്വരമായി നിൽക്കുന്നത് ആശ്വാസകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മതാത്മക ദേശീയതയുടെയും സാംസ്‌ക്കാരിക ദേശീയതയുടെയും സങ്കുചിതി രാഷ്ട്രീയം അപകടകരമായ അവസ്ഥയിലേക്കാണ് രാജ്യത്തെ കൊണ്ടെത്തിച്ചിരിക്കുന്നതെന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്റർ പി എം മനോജ് അഭിപ്രായപ്പെട്ടു. മാധ്യമരംഗത്തെ ഇന്ന് ബാധിച്ചിരിക്കുന്ന അപചയത്തെ യുവതലമുറ അവധാനതയോടെ വിശകലനം ചെയ്യാൻ തയ്യാറാവണമെന്ന് ദീപിക അസോസിയേറ്റ് എഡിറ്റർ സെർജി ആന്റണി പറഞ്ഞു.

സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ പരിദേവനങ്ങൾക്ക് കാതോർക്കുമ്പോൾ മാത്രമേ ജനാധിപത്യം സാധ്യമാവൂ എന്ന് ചലച്ചിത്ര നിരൂപകൻ വി കെ ജോസഫ് അഭിപ്രായപ്പെട്ടു. അവരവർക്ക് ഉപയുക്തമായ തരത്തിൽ വ്യാഖ്യാനിക്കപ്പെടുന്നതാണ് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളിയെന്ന് പ്രസ്‌ക്ലബ് പ്രസിഡന്റ് സി വിമൽകുമാർ പറഞ്ഞു. പ്രസ്‌ക്ലബ് സെക്രട്ടി ഡി ജയകൃഷ്ണൻ പങ്കെടുത്തു. കേരള മീഡിയ അക്കാദമി സെക്രട്ടറി കെ ജി സന്തോഷ് സ്വാഗതവും അസി.സെക്രട്ടറി കെ ആർ പ്രമോദ് കുമാർ നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News