ബാബരി മസ്ജിദിനു പിന്നാലെ ജിന്ന ഹൗസും പൊളിക്കാൻ ബിജെപി; മുംബൈയിലെ ജിന്ന ഹൗസ് ഇടിച്ചുനിരത്തണമെന്നു ബിജെപി എംഎൽഎ

മുംബൈ: ബാബരി മസ്ജിദിനു പിന്നാലെ സംഘപരിവാർ ജിന്ന ഹൗസിനു നേർക്കു തിരിയുന്നു. മുംബൈയിലെ ജിന്ന ഹൗസ് ഇടിച്ചു നിരത്തണമെന്ന വാദവുമായി ബിജെപി എംഎൽഎ രംഗത്തെത്തി. മംഗൾ പ്രഭാത് ലോധ എന്ന ബിജെപി നേതാവാണ് ജിന്ന ഹൗസ് പൊളിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇന്ത്യ വിഭജനത്തിന്റെ അടയാളമാണ് ജിന്ന ഹൗസ് എന്നാണ് ഇയാളുടെ വാദം.

പാകിസ്താന്റെ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയുടെ വീടായിരുന്നു ജിന്ന ഹൗസ്. ഇവിടെ ഇന്ത്യ വിഭജിക്കാനുള്ള ഗൂഢാലോചനകൾ നടന്നിരുന്നു എന്നാണ് മംഗൾ പ്രഭാത് ലോധ ആരോപിക്കുന്നത്. ഈ കെട്ടിടം വിഭജനത്തിന്റെ അടയാളമാണെന്ന് ലോധ വിശേഷിപ്പിച്ചു. കെട്ടിടം ഇടിച്ചു നിരത്തി ‘സാംസ്‌കാരിക കേന്ദ്രം’ പണിയണമെന്നും ലോധ നിർദേശിച്ചു.

ഇത്തരം വസ്തുക്കൾ കണ്ടുകെട്ടാൻ കഴിയും വിധം ‘ശത്രു സ്വത്തു നിയമം’ കഴിഞ്ഞ ആഴ്ച ഭേദഗതി ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ലോധയുടെ രംഗപ്രവേശം എന്നത് ശ്രദ്ധേയമാണ്.

ഇന്ത്യ വിഭജനത്തിനു ജിന്നയെപ്പോലെ തന്നെ ആർഎസ് എസും ഹിന്ദു മഹാസഭയും ഉത്തരവാദികളാണെന്നിരിക്കെയാണ്, ഇന്ത്യയിൽ ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും ഒരുമിച്ചു ജീവിക്കാനാവില്ലെന്നു സ്വാതന്ത്ര്യത്തിനു മുമ്പ് നിരന്തരം പ്രചരിപ്പിച്ച സംഘടനകളാണ് അവയെന്നിരിക്കെയാണ്, വിഭജനത്തിന്റെ അടയാളം ജിന്ന ഹൗസ് മാത്രമാണെന്ന വാദവുമായി ലോധ മുന്നോട്ടു വന്നിരിക്കുന്നത്.

റിയൽ എസ്റ്റേറ്റ് ലോബിയുമായി അടുത്ത ബന്ധമുള്ള നേതാവ് കൂടിയാണ് ലോധ എന്നതും ശ്രദ്ധേയമാണ്. ദക്ഷിണ മുംബൈയിൽ കടലോരത്തുള്ള ജിന്ന ഹൗസ് എന്ന ബംഗ്ലാവിനു 40 കോടി ഡോളർ മതിപ്പു വില കാണുന്ന സാഹചര്യത്തിൽ വിശേഷിച്ചും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News