ജീവിതത്തിന്റെ മറ്റൊരു കടവിലാണ് ഞാനിപ്പോൾ; കാൽനൂറ്റാണ്ടിനു ശേഷം എംടിയുടെ നായകൻ

എംടിയുടെ കടവിലെ അവസാനത്തെ രംഗം ഓർമ്മ വന്നു. കടവിനോടും കടവത്തെ മനുഷ്യരോടും യാത്ര പറഞ്ഞ് കടത്തുകാരൻ പയ്യൻ നഗരത്തിലെത്തുകയാണ്. താൻ കടവ് കടത്തിവിടാറുണ്ടായിരുന്ന പ്രിയപ്പെട്ട പെൺകുട്ടിയെ തേടി. നഗരത്തിലെ ഒരുപാട് അലച്ചിലിനു ശേഷം അവൻ അവളെ കണ്ടെത്തുന്നു. തീർത്തും മോശപ്പെട്ട ഒരു ജീവിത സാഹചര്യത്തിൽ. എന്നാൽ അവനെ തിരിച്ചറിയാത്ത ഭാവത്തിൽ അവൾ ചോദിക്കുകയാണ് ‘ഏത് കടവ്?’. രണ്ടു പേരുടെയും കണ്ണു നിറയുന്നു. കാണുന്നവരെയും കരയിക്കുന്ന രംഗം. അവൾ വാതിൽ കൊട്ടിയടക്കുന്നു. അടുത്ത സീനിൽ പെൺകുട്ടിയുടെ അനുജൻ വലിയ സന്തോഷത്തോടെ അവനെ തിരിച്ചറിയുന്നു. ‘കൂട്ടക്കടവിൽ നിന്ന് ഏട്ടനല്ലേ ഞങ്ങളെ കടവ് കടത്താറ്’ എന്ന് അനിയൻ ചോദിക്കുന്നു. ‘ഏത് കൂട്ടക്കടവ്?’ അവനും തിരിച്ചു ചോദിക്കുന്നു. അത്യന്തം വികാരനിർഭരമായ ഈ രംഗം പണ്ടു ദൂരദർശനിൽ പല പ്രാവശ്യം കണ്ടു കണ്ണ് നിറഞ്ഞതാണ്. കടവിലെ ആ കഥാപാത്രത്തോട് എന്തെന്നില്ലാത്ത അനുതാപവും സ്‌നേഹവും കൊണ്ട് ഞങ്ങളുടെ ബാല്യം കരളലിഞ്ഞതിന് കണക്കില്ല. കാൽനൂറ്റാണ്ടിനു ശേഷം കടവിലെ നായകനെ നേരിട്ട് കണ്ടപ്പോഴും അതേ ചോദ്യം കൊണ്ടാണ് അയാൾ ഹൃദയത്തെ മുറിവേൽപ്പിക്കുന്നത്-‘ഏത് കടവ്?’

DVD.00_00_57_13.Still003

‘നിങ്ങൾക്കൊന്നും വേറെ പണിയില്ലേ. എനിക്ക് താൽപര്യമില്ല സുഹൃത്തേ. നിങ്ങൾ പറയുമ്പോഴാണ് ഞാനക്കാര്യം ഓർക്കുന്നതു തന്നെ. എനിക്കൊന്നും പറയാനില്ല. പോവണം നിങ്ങൾ’ ഞങ്ങൾ ആ മറുപടി കേട്ട് അൽഭുതപ്പെട്ടില്ല. ഫോണിൽ ഇതിലും രൂക്ഷമായാണ് അയാൾ സംസാരിച്ചിരുന്നത്. ഒരു തവണ ഞങ്ങൾ കാണാൻ വരുന്നുവെന്നറിഞ്ഞ് അയാൾ നേരത്തേ വീട്ടിൽ നിന്നിറങ്ങിപ്പോയി. ഞങ്ങൾ കാണാതെ മടങ്ങി. ഇത്തവണ കൈയ്യോടെ പിടികൂടാനായി പുലരും മുമ്പേ ഞങ്ങൾ നടന്റെ വീട്ടിലെത്തുകയായിരുന്നു. വിഷയത്തിലേക്കു കടക്കാതെ ഞങ്ങൾ മലയോരത്തെ മഴയെക്കുറിച്ചും മരങ്ങളെക്കുറിച്ചും കുട്ടികളുടെ പഠനത്തെക്കുറിച്ചും സംസാരിച്ചു. ഒടുവിൽ മാത്രം കടവിലേക്ക് വന്നു. അപ്പോഴേക്കും ആൾ അൽപം തണുത്തിരുന്നു.

‘എന്തിനാണിതൊക്കെ. ഇരുപത്തിയഞ്ച് കൊല്ലം മുമ്പ് കഴിഞ്ഞതല്ലേ എല്ലാം. ജീവിതത്തിന്റെ വേറൊരു കടവിലാണ് ഞാനിപ്പോൾ. അന്നങ്ങിനെ ഒരു സിനിമ സംഭവിച്ചു എന്നു മാത്രം. എനിക്ക് പ്രത്യേകിച്ച് അവകാശപ്പെടാനായി ഒന്നുമില്ല. പിന്നെ നിങ്ങൾ മാധ്യമപ്രവർത്തകർക്കു മുന്നിൽ ഒരിക്കൽ നിന്നു തന്നതിന്റെ പൊല്ലാപ്പ് തീർന്നിട്ടില്ല. ആരുമറിയാതെ ഞാനിവിടെ ജീവിക്കുകയാണ്. ദയവായി ബുദ്ധിമുട്ടിക്കരുത്’.

K 3

എന്താണ് മാധ്യമപ്രവർത്തകർ ഉണ്ടാക്കിയ പൊല്ലാപ്പ്? ഏതാനും വർഷം മുമ്പ് മലയാളത്തിലെ ഒരു ടെലിവിഷൻ ചാനലിൽ വന്ന റിപ്പോർട്ട് ഇങ്ങനെയായിരുന്നു ‘കടവിലെ നായകന് കരിങ്കൽ ക്വാറി’ ഒട്ടും ആലോചനാ ശേഷിയില്ലാതെ തൊഴിലാളിവിരുദ്ധമായും മനുഷ്യവിരുദ്ധമായും പടച്ചുവിട്ട ആ റിപ്പോർട്ട് കൃത്രിമമായി ഉണ്ടാക്കിയ സഹതാപോൽപാദന വാർത്താ ചരക്കായി അയാളെ നാണംകെടുത്തി എന്നു പറയുന്നതിൽ കാര്യമുണ്ട്. സിനിമയേക്കാൾ മോശമാണോ കരിങ്കൽ ക്വാറി? കരിങ്കൽ ക്വാറിയിലെ ടിപ്പർ ലോറിയിൽ ഡ്രൈവറായ ഒരാൾക്ക് സന്തോഷകരമായ ജീവിതം ഉണ്ടായിക്കൂടേ? മാധ്യമപ്രവർത്തനത്തിന്റെ ഈ പൊതു നാണക്കേടിന്റെ ഭാരം കൊണ്ട് ഞങ്ങളുടെ തല കുനിഞ്ഞു. എങ്കിലും തലയുയർത്തി ഇങ്ങനെ പറഞ്ഞു ‘ഞങ്ങളുടെ രീതി അതല്ല.’

എംടിയുടെ പ്രശസ്തമായ കടവിലെ നായകൻ സന്തോഷ് ആന്റണി കോഴിക്കോടിന്റെ കിഴക്കേ മലയോര ഗ്രാമത്തിൽ ഭാര്യയും രണ്ടു മിടുക്കരായ ആൺകുട്ടികളുമായി സന്തോഷകരമായ ജീവിതം നയിക്കുന്നു. രാവിലെ ബൈക്കെടുത്ത് ക്വാറിയിലേക്ക് പോവും. ക്വാറിയിൽ ഡ്രൈവറാണ്. വൈകിട്ട് വരും. കുട്ടികളെ നല്ല സ്‌കൂളിൽ പഠിപ്പിക്കുന്നു. പുതിയൊരു വീടുവെച്ചു. അച്ഛൻ എവിടെയോ ജീവിച്ചിരുപ്പുണ്ടെന്നാണ് വിവരം. രണ്ടു പെങ്ങന്മാരെയും നല്ല രീതിയിൽ വിവാഹം ചെയ്തയച്ചു. രണ്ടു പേരും ഇപ്പോൾ യുകെയിലാണ്. ഇടയ്ക്ക് നാട്ടിൽ വരും. അയൽക്കാർക്കൊന്നും സന്തോഷ് സിനിമയിൽ അഭിനയിച്ച കാര്യം അറിയില്ല. അറിയുന്നവരുടെ മുന്നിൽ നിന്നു കൊടുക്കാറുമില്ല.

മക്കളെ ‘കടവ്’ കാണിച്ചിട്ടില്ല. ഭാര്യ എവിടെ നിന്നോ സിനിമയുടെ സിഡി സംഘടിപ്പിച്ചു കണ്ടിട്ടുണ്ട്. സംസ്ഥാന അവാർഡിന്റെ ശിൽപവും സർട്ടിഫിക്കറ്റുമൊന്നും സൂക്ഷിച്ചുവെച്ചിട്ടില്ല. അച്ഛൻ നാട്ടിലെ എല്ലാം വിറ്റ് മക്കളെയും കൂട്ടി കർണ്ണാടകയിലേക്ക് പോയതാണ്. നാടുമായുള്ള എല്ലാ ബന്ധവും അങ്ങിനെയാണ് മുറിഞ്ഞത്. നാട്ടിലുണ്ടായെങ്കിൽ ചിലപ്പോൾ സിനിമയിൽ തന്നെ തുടർന്നേക്കാം. ചിലപ്പോൾ ഒന്നുമായില്ലെന്നും വരാം. അതുകൊണ്ടെന്ത്? ഇപ്പോൾ സന്തോഷത്തിന് കുറവൊന്നുമില്ല. ‘കടവ് എന്ന സിനിമയെ ജീവിതത്തിൽ എവിടെയെങ്കിലും ഇപ്പോൾ ഓർമ്മിക്കേണ്ടുന്ന ഒരു ആവശ്യവും എനിക്കില്ല. അതുകൊണ്ടാണ് സുഹൃത്തേ ഞാൻ പറഞ്ഞത്, നിങ്ങളുടെ ഈ ചിത്രീകരണമെല്ലാം അനാവശ്യമാണെന്ന്’-സന്തോഷ് അങ്ങനെ പറഞ്ഞ് അവസാനിപ്പിച്ചെങ്കിലും ഞങ്ങളുടെ സ്‌നേഹപൂർവമായ നിർബന്ധത്തിനു മുന്നിൽ ഒടുവിൽ വഴങ്ങുക തന്നെ ചെയ്തു.

ഞായറാഴ്ച രാത്രി 9.30ന് പീപ്പിൾ ടിവിയിലെ കേരള എക്‌സ്പ്രസിലെ ‘വീണ്ടും കടവ്’ എന്ന എപ്പിസോഡിലൂടെയാണ് സന്തോഷ് വീണ്ടും കാമറക്ക് മുന്നിലെത്തുന്നത്.

Kadav

1990-ൽ ദൂരദർശൻ നിർമ്മിച്ച് നിരവധി ദേശീയ-സംസ്ഥാന അവാർഡുകൾ നേടിയ ചിത്രമാണ് കടവ്. കടവിലെ നായകനായി അഭിനയിച്ച സന്തോഷ് ആന്റണിക്കായിരുന്നു ആ വർഷത്തെ ഏറ്റവും മികച്ച ബാലനടനുള്ള സംസ്ഥാന അവാർഡ്. ഇന്ത്യൻ പനോരമയിലേക്കും സിനിമ തെരഞ്ഞടുക്കപ്പെട്ടു. ഒസാക്ക ചലച്ചിത്രമേളയിൽ ചിത്രം ഗ്രാൻപ്രീ പുരസ്‌കാരം നേടി. സിംഗപ്പൂർ മേളയുൾപ്പെടെ ലോക മേളകളിലെല്ലാം സിനിമയുടെ പോസ്റ്ററായി നിന്ന കടത്തുകാരൻ പയ്യനെത്തേടി പിന്നീട് സിനിമാ രംഗത്തുനിന്ന് നിരവധി അന്വേഷണങ്ങൾ എത്തിയെങ്കിലും ആർക്കും ആ പയ്യനെ പിന്നീട് എവിടെയും കണ്ടെത്താനായില്ല.

എവിടെയായിരുന്നു അയാൾ ഇത്രയും കാലം? ബാലൻ കെ നായർ, തിലകൻ, മുരളി, ജഗതി, നെടുമുടി വേണു, മോനിഷ-മലയാള സിനിമയിലെ ഒരു വലിയ നിര പ്രതിഭാകാലം തന്നെ സഹാഭിനേതാക്കളായി നിറഞ്ഞു നിന്നിട്ടും സിനിമയിലെ പ്രധാനകഥാപാത്രമായ നടൻ മാത്രം കാണാമറയത്തായത് എങ്ങിനെയാണ്? വീണ്ടും വീണ്ടും വെളിച്ചത്തിലേക്കു വരാതിരിക്കാൻ മാത്രം അയാളെ വിലക്കുന്ന ജീവിതത്തിന്റെ വേദനകൾ എന്തൊക്കെയാണ്? എവിടെയാണ് അയാൾ തന്നിലെ നടനെ കുഴിച്ചുമൂടി കടന്നുമറഞ്ഞത്?

കടവിന്റെ അവസാനം ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച രംഗങ്ങളിൽ ഒന്നാണ്. നഗരത്തിലെ അലച്ചിൽ കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ കടവിലെ ആശ്രയവും കൈവിട്ടതായി അവൻ അറിയുന്നു. പക്ഷേ ജീവനുള്ള വസ്തു പോലെ തോണി അവനെ തിരിച്ചറിയുന്നു. തോണി അവന് അരികിലേക്ക് വരുന്നു. ദൂരേക്ക് തോണി അവനെയും കൂട്ടിപോകുന്ന രംഗത്താണ് സിനിമ തിരുന്നത്. സിനിമ തീർന്നത് പക്ഷേ സന്തോഷ് എന്ന നടന്റെ ജീവിതത്തിലാണെന്നു തോന്നും.

ജീവിതത്തിലും ദൂരേക്കു പോയി വർഷങ്ങൾക്ക് ശേഷം തിരിച്ചുവന്ന് സന്തോഷ് എംടിയെ കാണുകയുണ്ടായി. എന്റെ ചലച്ചിത്ര ജീവിതം എന്ന പുസ്തകത്തിലെ ‘സ്‌നേഹത്തിന്റെ കടവുകൾ’ എന്ന അധ്യായത്തിൽ എംടി തന്നെ ആ കൂടിക്കാഴ്ചയെക്കുറിച്ച് എഴുതിയിട്ടുണ്ട്: ‘സന്തോഷ്, ഞാൻ അവനെ തിരിച്ചറിഞ്ഞു. മുതിർന്ന യുവാവ്. കുടുംബസ്ഥൻ. കർണ്ണാടകത്തിൽ കൃഷി നടത്തുന്നു. ചില നേരങ്ങളിൽ ചിലത് ശരിയാവുന്നു. മഴവില്ലിനു ചുവട്ടിലെ നിധിതേടി യാത്ര പുറപ്പെടുന്ന പലരും വഴിക്ക് വീണുപോവുന്നു. അവശരും നിരാശരുമാവുന്നു..!’

കേരള എക്സ്പ്രസിന്‍റെ പ്രോമോ വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News