മലപ്പുറത്ത് യുവ വോട്ടർമാരിൽ പ്രതീക്ഷയർപ്പിച്ച് മുന്നണികൾ; പകുതിയിലധികം വോട്ടർമാരും യുവാക്കൾ; പ്രത്യേക പ്രവർത്തനങ്ങളുമായി മുന്നണികളുടെ സ്‌ക്വാഡുകൾ

മലപ്പുറം: മലപ്പുറത്ത് യുവ വോട്ടർമാരിൽ പ്രതീക്ഷയർപ്പിച്ച് മുന്നണികൾ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. പകുതിയിലധികം സമ്മതിദായകർ യുവാക്കളാണെന്ന തിരിച്ചറിവാണ് ഇവരെ ആകർഷിക്കാനുളള പ്രചാരണ പരിപാടി സംഘടിപ്പിക്കാൻ മുന്നണികളെ പ്രേരിപ്പിക്കുന്നത്. യുവാക്കളുടെ പ്രത്യേക സ്‌ക്വാഡും വരും ദിവസങ്ങളിൽ സ്ഥാനാർത്ഥികൾക്കായി രംഗത്തിറങ്ങും.

13 ലക്ഷത്തലധികം വരുന്ന മലപ്പുറത്തെ വോട്ടർമാരിൽ ഏഴു ലക്ഷത്തിലധികം പേർ 45 വയസ്സിന് താഴെ പ്രായമുളളവരാണ്. യുവവോട്ടുകൾ നിർണായകമാകുന്ന തെരഞ്ഞെടുപ്പിൽ ഇവരെ സ്വാധീനിക്കാനുളള ശ്രമത്തിലാണ് ഇടതു വലത് മുന്നണികൾ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ 1,14,975 വോട്ടർമാർ പുതുതായി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡൻറ് കൂടിയായ എൽഡിഎഫ് സ്ഥാനാർത്ഥി എം ബി ഫൈസലിന്റെ വിജയത്തിനായി യുവാക്കളെ പരമാവധി രംഗത്തിറക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം.

പുതിയ വോട്ടർമാരെ പ്രത്യേകം കണ്ട് വോട്ടഭ്യർത്ഥിക്കാനായി സ്‌ക്വാഡുകൾ രൂപീകരിക്കും. യുഡിഎഫും യുവാക്കളെ ആകർഷിക്കാനുളള ശ്രമം തുടങ്ങിക്കഴിഞ്ഞു. യുവജന സംഘടനകളുടെ നേതൃത്വത്തിൽ സ്ഥാനാർത്ഥിയുമായുളള മുഖാമുഖം സംഘടിപ്പിച്ചിരുന്നു. ഇനി സ്‌ക്വാഡ് പ്രവർത്തനത്തിന് ഇവരെ സജീവമാക്കാനാണ് യുഡിഎഫ് തീരുമാനം.

എൻഡിഎയും യുവ വോട്ടുകളുറപ്പിക്കാനുളള പ്രവർത്തനം ആസൂത്രണം ചെയ്യുന്നുണ്ട്. സ്ഥാനാർത്ഥികളുടെ പ്രത്യേക ഫേസ്ബുക്ക് പേജും വാട്‌സ്ആപ്പ് ഗ്രൂപ്പുകളും സജീവമാണെങ്കിലും സ്‌ക്വാഡ് പ്രവർത്തനത്തിന് യുവാക്കളെ ഇറക്കി വോട്ടുറപ്പിക്കാൻ തന്നെയാണ് ഇരുമുന്നണികളുടേയും തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here