മദ്രസ അധ്യാപകന്റെ കൊലപാതകം; പ്രതികളായ ആർഎസ്എസ് പ്രവർത്തകരെ തിരിച്ചറിയൽ പരേഡിനു വിധേയമാക്കും; പൊലീസ് കോടതിയുടെ അനുമതി തേടി

കാസർഗോഡ്: കാസർഗോഡ് മദ്രസ അധ്യാപകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആർഎസ്എസ് പ്രവർത്തകരെ തിരിച്ചറിയൽ പരേഡിനു വിധേയരാക്കും. ഇതിനായി പ്രത്യേക അന്വേഷണ സംഘം കോടതിയുടെ അനുമതി തേടി. പ്രതികൾ ഇപ്പോൾ കണ്ണർ സെൻട്രൽ ജയിലിൽ റിമാൻഡ് തടവുകാരാണ്.

പ്രതികളായ അജേഷ്, അഖിൽ, നിതിൻ എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനും പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. മാർച്ച് 20ന് അർധരാത്രിയാണ് പ്രതികൾ സാമുദായിക സ്പർധ ലക്ഷ്യമാക്കി മുഹമ്മദ് റിയാസിനെ താമസസ്ഥലത്ത് കയറി വെട്ടിക്കൊന്നത്. 48 മണിക്കൂറിനുള്ളിൽ പൊലീസ് ഇവരെ പിടികൂടി. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും പ്രതികളുടെ രക്തംപുരണ്ട വസ്ത്രങ്ങളും പൊലീസ് കണ്ടടുത്തു.

ബിജെപി-ആർഎസ്എസ് പ്രവർത്തകരായ യുവാക്കൾ കടുത്ത വർഗീയ വാദികളാണെന്നാണ് പൊലീസ് വിലയിരുത്തൽ. കർണ്ണാടകയിൽ നിന്നുള്ള ഒരു ബിജെപി നേതാവ് സംഭവം നടക്കുന്നതിനു രണ്ടുദിവസം മുമ്പ് കാസർഗോഡ് നടത്തിയ വർഗീയപ്രസംഗം ഇവർ കേട്ടിരുന്നതായും കുറ്റകൃത്യത്തിന് ഈ പ്രസംഗം പ്രേരണയായോയെന്നും പൊലീസ് പരിശോധിച്ചു വരികയാണ്. പ്രസംഗത്തിന്റെ വീഡിയോ ഫൂട്ടേജ് കണ്ടെത്താൻ പൊലീസ് ശ്രമം നടത്തുന്നുണ്ട്.

അക്രമം നടന്ന ചൂരിയിൽ പി.കരുണാകരൻ എംപിയും സിപിഐഎം ജില്ലാസെക്രട്ടറി കെ.പി സതീഷ് ചന്ദ്രനും സന്ദർശനം നടത്തി. കാസർഗോഡ് ജനജീവിതം ഏറെക്കുറെ സാധാരണ നിലയിലായി. കലക്ടർ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ പിൻവലിച്ചു. എന്നാൽ രാത്രിയിൽ ഇരുചക്രവാഹനങ്ങളിലെ സഞ്ചാര നിയന്ത്രണം തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here