തിരുവനന്തപുരം: രാജിവച്ച എ.കെ ശശീന്ദ്രനു പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കാൻ ധാരണ. തിരുവനന്തപുരത്തു ചേർന്ന എൻസിപി നേതൃയോഗമാണ് ഇക്കാര്യം ശുപാർശ ചെയ്തത്. ഇക്കാര്യം ഇനി മുന്നണിയിൽ അവതരിപ്പിക്കും. എ.കെ ശശീന്ദ്രൻ തന്നെയാണ് മന്ത്രിസ്ഥാനത്തേക്ക് തോമസ് ചാണ്ടിയുടെ പേര് നിർദേശിച്ചത്. മന്ത്രിസ്ഥാനം രാജിവെച്ച ശശീന്ദ്രനെ പാർലമെന്ററി പാർട്ടി നേതാവാക്കാനും തീരുമാനിച്ചു.
ശശീന്ദ്രനു പകരം മന്ത്രിയാകാൻ തയ്യാറാണെന്നു തോമസ് ചാണ്ടി എംഎൽഎ വ്യക്തമാക്കിയിരുന്നു. മന്ത്രിയാകാൻ യോഗ്യതയുള്ളവർ പാർട്ടിക്കുള്ളിൽ തന്നെ ഉണ്ട്. വകുപ്പ് എൻസിപിക്ക് അവകാശപ്പെട്ടതാണ്. അതു മറ്റാർക്കും വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും തോമസ് ചാണ്ടി വ്യക്തമാക്കിയിരുന്നു. എ.കെ ശശീന്ദ്രന്റെ ടെലിഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ഗൂഢാലോചന ഇല്ലെന്നും തോമസ് ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.
ശശീന്ദ്രനെതിരായ ആരോപണത്തിൽ സർക്കാർ ഇന്നലെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ, ആര് അന്വേഷിക്കുമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. ഇക്കാര്യം മന്ത്രിസഭ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. കുറ്റമേറ്റല്ല ശശീന്ദ്രന്റെ രാജി. ധാർമികതയുടെ അടിസ്ഥാനത്തിലാണ് രാജി. ശശീന്ദ്രന്റെ ധാർമികത പൊതുസമൂഹം അംഗീകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിവാദ ഫോൺവിളി നടന്നത് ഫെബ്രുവരി ആദ്യവാരം ആയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. ഫെബ്രുവരി ഒന്നാം തീയതി മന്ത്രി ഗോവയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയിരുന്നു. ഈസമയത്തായിരിക്കാം ഫോൺ വിളിച്ചതെന്നാണ് കരുതപ്പെടുന്നത്. മന്ത്രി ഗോവയിൽ എത്തിയിരുന്നതായി സ്ഥിതീകരണമുണ്ട്. ഈ സാഹചര്യത്തിൽ എ.കെ ശശീന്ദ്രന്റെ ഫോൺ കോൾ വിശദാംശങ്ങൾ ശേഖരിക്കാൻ പൊലീസ് ആലോചിക്കുന്നുണ്ട്. ഇക്കാര്യമാണ് അന്വേഷണത്തിനു വിധേയമാക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here