കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി നേടിത്തന്ന ചേക്കു അന്തരിച്ചു; സന്തോഷ് ട്രോഫി ടൂര്‍ണമെന്റിലെ സെമിഫൈനല്‍ തോല്‍വിക്ക് പിന്നാലെ കേരളത്തിന് വീണ്ടും ദുഃഖവാര്‍ത്ത

തിരുവനന്തപുരം: കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി കിരീടം നേടിത്തന്ന ടീമിലെ സ്റ്റോപ്പര്‍ ബാക്കായിരുന്ന മലപ്പുറം പികെ ചേക്കു (79) അന്തരിച്ചു. മലപ്പുറത്തെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

1973ല്‍ കൊച്ചിയില്‍ നടന്ന സന്തോഷ് ട്രോഫി ടൂര്‍ണമെന്റിലായിരുന്നു കേരളം ആദ്യ കിരീടം സ്വന്തമാക്കിയത്. ടീമിന്റെ സ്റ്റോപ്പര്‍ ബാക്കായിരുന്ന പികെ ചേക്കുവിന്റെ മികച്ച പ്രകടനത്തിലൂടെയാണ് കരുത്തരായ റെയില്‍വേസിനെ തകര്‍ത്ത് കേരളം കന്നി കിരീടത്തില്‍ മുത്തമിട്ടത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ ജയം.

ഏറെക്കാലം പ്രതിരോധ നിരയില്‍ കേരളത്തിന്റെ അമരക്കാരനായിരുന്നു ചേക്കു. മലപ്പുറം മക്കരപറമ്പില്‍ കളി പഠിച്ചുവളര്‍ന്ന ചേക്കു പതിനെട്ടാം വയസില്‍ പട്ടാള ടീമിലെത്തി. എംആര്‍സി വെല്ലിങ്ങ്ടണിനുവേണ്ടി ബൂട്ടണിഞ്ഞ ചേക്കു പിന്നീട് 1969ല്‍ സര്‍വീസസിന്റെ ജഴ്‌സിയണിഞ്ഞാണ് സന്തോഷ് ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചത്.

സൈന്യത്തില്‍ നിന്ന് ഹവില്‍ദാറായി വിരമിച്ച ചേക്കു പിന്നീട് തിരുവന്തപുരത്ത് ടൈറ്റാനിയത്തിനുവേണ്ടി ബൂട്ടുകെട്ടി. ഏഴ് വര്‍ഷം ടൈറ്റാനിയത്തിന്റെ കളിക്കാരനായി തിളങ്ങിയ ചേക്കു പിന്നീട് രണ്ട് വര്‍ഷം ടൈറ്റാനിയത്തിന്റെ പരിശീലകനായിരുന്നു. ഡ്യൂറന്റ് കപ്പ്, റോവേഴ്‌സ് കപ്പ്, കോട്ടയം മാമ്മന്‍ മാപ്പിള ട്രോഫി, ബാംഗ്ലൂര്‍ സ്റ്റാഫോര്‍ഡ് കപ്പ് തുടങ്ങിയ ടൂര്‍ണമെന്റുകളിലും വിവിധ ക്ലബ്ബുകള്‍ക്കുവേണ്ടി ചേക്കു കളിക്കളത്തിലിറങ്ങി. ഫുട്‌ബോള്‍ കളത്തില്‍ സാന്നിധ്യമറിയിച്ച സമീര്‍, അന്‍വര്‍, അല്‍അമീന്‍, ഷാജി എന്നിവരാണ് ചേക്കുവിന്റെ മക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here