മിഷേലിന്റെ മരണം ആത്മഹത്യ തന്നെയെന്ന നിഗമനത്തില്‍ പൊലീസ്; സ്ഥിരീകരണവുമായി രാസ പരിശോധനാഫലം; പീഡനം നടന്നതിന് തെളിവില്ല

കൊച്ചി: കൊച്ചിയില്‍ മുങ്ങി മരിച്ച സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ആത്മഹത്യ ചെയ്തതാണെന്ന പൊലീസ് കണ്ടെത്തല്‍ സ്ഥിരീകരിക്കുന്ന രാസപരിശോധനാഫലം പുറത്ത് വന്നു. വിഷാംശമോ രാസപദാര്‍ത്ഥങ്ങളുടെ അംശമോ മിഷേലിന്റെ ആന്തരികാവയവങ്ങളില്‍ കണ്ടെത്താനായില്ലെന്ന് പരിശോധനാ ഫലം പറയുന്നു.

ആമാശയത്തിലുള്ളത് കായല്‍ ജലം തന്നെയാണെന്നും പരിശോധനയില്‍ സ്ഥിരീകരിച്ചു. മിഷേലിന്റെ മൃതദേഹം കണ്ടെത്തിയ കായലിലെ പായലും മറ്റും അടങ്ങുന്ന ജലം തന്നെയാണ് ആമാശയത്തില്‍ നിന്നും ലഭിച്ചത്. മിഷേലിന്റേത് മുങ്ങി മരണമാണെന്ന നിഗമനത്തെ സാധൂകരിക്കുന്നതാണ് ഈ തെളിവുകള്‍. ലൈംഗിക പീഡനം നടന്നതിന് തെളിവൊന്നും പരിശോധനയില്‍ ലഭിച്ചിട്ടുമില്ല.

മിഷേലിന്റെ മരണത്തില്‍ മറ്റൊരാള്‍ക്കും പങ്കാളിത്തമില്ലെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ചും എത്തിയിരിക്കുന്നത്. മരണ ദിവസം മിഷേല്‍ സഞ്ചരിച്ച വിവിധ സ്ഥലങ്ങളിലെ നിരീക്ഷണക്യാമറ ദൃശ്യങ്ങളും ഫോണ്‍ രേഖകളും പരിശോധിച്ചതില്‍ നിന്നും നിരവധി പേരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് അന്വേഷണ സംഘം ആത്മഹത്യ എന്ന നിഗമനത്തില്‍ എത്തിയിരുന്നത്.

ഈ നിഗമനത്തെ ശരിവയ്ക്കുന്ന രാസ പരിശോധനാഫലം കൂടി പുറത്തുവന്നതോടെ അന്വേഷണത്തിന്റെ പ്രധാന ഘട്ടം പൂര്‍ത്തിയായി. എന്നാല്‍ മിഷേലിനെ ബോട്ടില്‍ കടത്തിക്കൊണ്ടു പോയി അപായപ്പെടുത്തിയതാണെന്ന ആരോപണത്തിന്റെ നിജസ്ഥിതിയും അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. പിതാവ് ഷാജി ഇത്തരമൊരു പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് ഇക്കാര്യവും ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വകാര്യ സര്‍വ്വീസ് നടത്തുന്ന ബോട്ടുകളെയും അതിലെ ജീവനക്കാരെയും ക്രൈംബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel