മലയാളി ജവാന്റെ മരണം; വനിതാ റിപ്പോര്‍ട്ടര്‍ക്കെതിരെ കേസ്; റോയി മാത്യുവിന്റെ മരണത്തിന് കാരണം സൈന്യമെന്ന് പൂനം അഗര്‍വാള്‍; ജവാന്‍ ഒളിക്യാമറയുടെ ഇരയെന്ന് സൈന്യത്തിന്റെ വാദം

മുംബൈ: കൊട്ടാരക്കര എഴുകോണ്‍ സ്വദേശി ലാന്‍സ് നായിക് റോയ് മാത്യുവിനെ ആത്മഹത്യയില്‍ വനിതാ മാധ്യമപ്രവര്‍ത്തകക്കെതിരെ കേസ്. ക്വിന്റ് വാര്‍ത്താ പോര്‍ട്ടലിന്റെ റിപ്പോര്‍ട്ടര്‍ പൂനം അഗര്‍വാളിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സൈന്യത്തിന്റെ പരാതിയില്‍ നാസിക് പൊലീസാണ് കേസെടുത്തത്.

നിരോധിത മേഖലയില്‍ അനധികൃതമായി കടന്നതിനും ജവാനുമായി അഭിമുഖം സംഘടിപ്പിച്ചതിനുമാണ് കേസ്. ജവാന്റെ സംഭാഷണം ഒളിക്യാമറയില്‍ പകര്‍ത്തിയതിനും കേസുണ്ട്. ദിയോദാലി സൈനിക മേഖലയില്‍ കടന്നുകയറുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് പൂനത്തിനെതിരെ ഉയര്‍ന്ന ആരോപണം.

പൂനം അഗര്‍വാളിന്റെ ഒളി ക്യാമറയ്ക്ക് മുന്നില്‍ റോയ് തന്റെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഒളിക്യാമറയുണ്ടെന്ന് അറിയാതെയാണ് സംസാരിച്ചതെന്നും തന്റെ ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ റോയി മാത്യു ഭാര്യയെ ഫോണ്‍ ചെയ്ത് അറിയിച്ചിരുന്നു. മേലധികാരികളുടെ പീഡനത്തെക്കുറിച്ച് പരാമര്‍ശിച്ചതിന് തനിക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് റോയി മാത്യു ഭയന്നിരുന്നു. കേണലിന്റെ ഡ്രൈവറായ തനിക്ക് അദ്ദേഹത്തിന്റെ വീട്ടു ജോലികളും ചെയ്യേണ്ടിവരുന്നുണ്ടെന്നാണ് റോയി മാത്യു മാധ്യമ പ്രവര്‍ത്തകയോട് പറഞ്ഞത്. പിന്നീട് റോയി മാത്യുവിനെ കാണാതാവുകയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

വെബ്‌സൈറ്റില്‍ വന്ന വാര്‍ത്ത സൈനികനെ മാനസികമായി തകര്‍ത്തുവെന്നും സൈനികന്‍ ഒളിക്യാമറയുടെ ഇരയാണെന്നുമാണ് സൈന്യത്തിന്റെ വാദം. എന്നാല്‍ തിരുവനന്തപുരത്തെത്തിച്ച ജവാന്റെ മൃതദേഹത്തോട് സൈന്യത്തിന്റെ ഭാഗത്തുനിന്ന് അനാദരവ് ഉണ്ടായതായി ബന്ധുക്കള്‍ പരാതിപെട്ടിരുന്നു. ബന്ധുക്കളുടെ ആവശ്യപ്രകാരം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയാണ് മൃതദേഹം സംസ്‌കരിച്ചത്.

കേസെടുത്തതിന് പിന്നാലെ പൂനം അഗര്‍വാളിനെ പൊലീസ് ചോദ്യംചെയ്തതായും മൊഴി രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം തനിക്ക് അഭിമുഖം നല്‍കിയതിനെ തുടര്‍ന്ന് റോയി മാത്യുവിനെതിരെ സൈന്യം അന്വേഷണം നടത്തിയെന്നും അതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് പൂനം അഗര്‍വാളിന്റെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here