കടുവകള്‍ സൃഷ്ടിച്ച സുന്ദര്‍ബാന്‍ വിധവാ ഗ്രാമം

സുന്ദര്‍ബാനിലെ കണ്ടല്‍ വനങ്ങളില്‍ മനുഷ്യമാസം തേടിയലയുന്നത് ഇരുന്നൂറോളം കടുവകള്‍. ഗാര്‍ഗ്ര ചാരിയില്‍ തേന്‍ ശേഖരിക്കാന്‍ പോയവരെ കടുവകള്‍ പിന്തുടര്‍ന്ന് കൊന്നത്രെ. ജൊയ്‌മോന് ദ്വീപില്‍ നിന്ന് മീന്‍ പിടിക്കാനിറങ്ങിയ വളളക്കാരെ മുഴുവന്‍ നീന്തിയടുത്ത കടുവകള്‍ കടിച്ചു കൊന്നത്രെ.

കടുവാ ആക്രമണകഥകള്‍ പറഞ്ഞുകൊണ്ട് സുന്ദര്‍ബാനുകാര്‍ ആശങ്കപ്പെട്ടു;
‘എപ്പോള്‍ വേണമെങ്കിലും കടുവ ഇറങ്ങാം. മഴക്കാലം കഴിഞ്ഞാല്‍ ഇരിക്കപ്പൊറുതി ഉണ്ടാവില്ല’. ഇന്ത്യയിലും ബംഗ്ലാദേശിലുമായി കടലിലും കായലിലും ചതുപ്പിലുമായി വ്യാപിച്ചുകിടക്കുന്ന ഇരുനൂറോളം കുഞ്ഞുദ്വീപുകളിലെ മനുഷ്യരില്‍ ഇത്തവണ ആരെയെല്ലാം കടുവകള്‍ കടിച്ചുകീറും?

മത്സ്യദ്വീപായ സാഗറിലും തേന്‍ ദ്വീപായ മോയ്പിറ്റിലും നെല്ല് വിളയുന്ന ഗോസാബ ദ്വീപിലും കണ്ടുമുട്ടിയവരിലെ പലരും അസ്വസ്ഥരായത് ആസന്നമായ കടുവാ ആക്രമണങ്ങളെക്കുറിച്ചായിരുന്നു. ദ്വീപുകാരെ കടുവകളില്‍ നിന്ന് രക്ഷപ്പെടുത്തുന്ന ദൈവങ്ങളെന്ന് പുകള്‍പ്പെറ്റ നിരവധി ആരാധനാമൂര്‍ത്തികള്‍ സുന്ദര്‍ബാനിലുണ്ട്. മാ ബോണ്‍ബിനി ദേവിക്കാണ് ഏറ്റവുമധികം ആരാധകര്‍. സുന്ദര്‍ബാനുകാരുടെ പുകള്‍പ്പെറ്റ നാടോടിക്കഥകളിലെ വില്ലന്‍ കടുവാരാജാവായ രാജാ ദക്ഷിണറായാണ്. ഇവിടുത്തെ കടലിലും കായലിലും കണ്ടല്‍ വനങ്ങളിലുമെല്ലാം നന്മയുടെ പ്രതീകമായ ബോണ്‍ബിനിയും തിന്മയുടെ പ്രതീകമായ രാജ ദക്ഷിണറായും തമ്മില്‍ ഏറ്റുമുട്ടിയിരുന്നുവത്രെ. അവസാനം ബോണ്‍ബിനി ദേവി ദക്ഷിണറായിയെ നിഗ്രഹിച്ചു. ബോണ്‍ബിനി ദേവിയുടെ വിജയഗാഥ ഇന്നും സുന്ദര്‍ബനില്‍ ആവേശമാണ്. കടുവഭീതിയുളള ഗ്രാമങ്ങളിലെല്ലാം ബോണ്‍ബിനി ദേവിക്ഷേത്രങ്ങളുണ്ട്. കടുവാ ആക്രമണകഥകള്‍ പറയുന്നവരെല്ലാം ഒരുപോലെ സംഗ്രഹിക്കും: ‘ഞങ്ങളുടെ ഏക ആശ്രയം ബോണ്‍ബിനി ദേവിയാണ്. ദേവി ഞങ്ങളെ രക്ഷിക്കും’

sundarban2

മനുഷ്യര്‍ രക്തംകൊണ്ട് വരച്ച അതിര്‍ത്തികള്‍ അറിയാത്തവരാണ് സുന്ദര്‍ബാനിലെ കടുവകള്‍. ഇന്ത്യയെന്നോ ബംഗ്ലാദേശെന്നോ അറിയാതെ, അതിര്‍ത്തി രേഖകള്‍ നോക്കാതെ കടുവകള്‍ വനത്തിലും വെളളത്തിലും അലഞ്ഞുതിരിയുന്നു. 2014ല്‍ കടുവാ സെന്‍സസിന്റെ ഭാഗമായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സുന്ദര്‍ബാനിലെ ഇന്ത്യന്‍ അതിര്‍ത്തിക്ക് അകത്തുളള കണ്ടല്‍ വനങ്ങള്‍ അരിച്ചുപെറുക്കി. കണ്ടെത്തിയത് 96 കടുവകളെ. അനൗദ്യോഗിക കണക്ക്പ്രകാരം സുന്ദര്‍ബാനില്‍ 110 കടുവകള്‍ ഉണ്ട്. സുന്ദര്‍ബാനിലെ ബംഗ്ലാദേശ് മേഖലയിലാണ് കൂടുതല്‍ കടുവകള്‍. എണ്ണത്തെ സംമ്പന്ധിച്ച് അനുമാനങ്ങളല്ലാതെ വ്യക്തമായ കണക്കില്ല.

കടുവകള്‍ അമ്പത് പേരെവരെ കൊന്നിരുന്ന വര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. കടുവകളെ ഭയപ്പെട്ടിരുന്ന ദ്വീപ് നിവാസികള്‍ ആത്മരക്ഷാത്ഥം പ്രതിരോധങ്ങള്‍ തീര്‍ത്തു. 2002ല്‍ 24 പര്‍ഗാനാസ് ജില്ലയിലെ പഖിരാലാ ദ്വീപിലെത്തിയ ഒരു കടുവ വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന പതിനാലുകാരിയെ കടിച്ചുകൊന്നു. തദ്ദേശീയര്‍ക്ക് ക്ഷോഭം അടക്കാനായില്ല. അവര്‍ കടുവയെ വളഞ്ഞിട്ട് പിടിച്ചു. തല്ലിക്കൊന്നു. വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി കായലിലൊഴുക്കി.

പഖിരാലാ സംഭവം മാസ്ഹിസ്റ്റീരിയയായി സുന്ദര്‍ബനിലെ എല്ലാദ്വീപുകളിലും പടര്‍ന്നു. ആയുധങ്ങളുമായി ജനക്കൂട്ടം കടുവകളെ തേടി അലഞ്ഞു. വന്യജീവി നിയമവും വനസംരക്ഷനിയമവും കണ്ടല്‍ വനങ്ങളിലും കായലുകളിലും കീറിയെറിഞ്ഞു. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നായപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ടു. കടുവസങ്കേതങ്ങള്‍ക്ക് ചുറ്റും സംരക്ഷിത വലയങ്ങള്‍ കെട്ടി. തീ കത്തിച്ചും പടക്കമെറിഞ്ഞും കടുവകളെ അകറ്റുന്നതിനെക്കുറിച്ച് വിദഗ്ദ്ധര്‍ പരിശീലനം നല്കി.

വിദഗ്ദ്ധരുടെ സാങ്കേതിക പരിശീലനത്തേക്കാള്‍ സുന്ദര്‍ഭാനുകാര്‍ ഇന്നും ആശ്രയിക്കുന്നത് പരമ്പരാഗത രക്ഷാമാര്‍ഗ്ഗങ്ങളാണ്. ‘കടുവകള്‍ക്ക് മനുഷ്യരെ ഭയമാണ്. ഈ പൊതുതത്ത്വത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കടുവ കൊല്ലുമെന്ന് തീര്‍ച്ച. കടുവയെ കണ്ടാല്‍ ഓടരുത്. കടുവയെ പ്രകോപിപ്പിക്കുകയുമരുത്.’ കടുവാ ആക്രമണങ്ങളില്‍ നിന്ന് പലതവണ രക്ഷപ്പെട്ട ദെബല്‍ മൊണ്‍ഡോളിന്റെ വീരകഥകള്‍ അത്ഭുതകരമാണ്. ദെബല്‍ മുക്കുവനാണ്. ഒരിക്കല്‍ കുള്‍ട്ടോളി ഘാല്‍ മേഖലയില്‍ മീന്‍ പിടിച്ചശേഷം മടങ്ങിവരവെ തീരത്തതാ ഒരു കൂറ്റന്‍ കടുവ. ഗെബലും കടുവയും തമ്മിലുളള അകലം വെറും അമ്പത് വാര മാത്രം.

sundarban4

‘എന്നെകണ്ട ഉടന്‍ കടുവ ഉച്ചത്തില്‍ അലറി. ഞാന്‍ അതിനേക്കാള്‍ ഉച്ചത്തില്‍ തിരിച്ചും അലറി. ഞങ്ങള്‍ തമ്മിലുളള അലര്‍ച്ച മത്സരം അരമണിക്കൂര്‍ നേരത്തോളം നീണ്ടുനിന്നു. എന്റെ തൊണ്ടവരണ്ടു. വായില്‍ നിന്ന് രക്തം പുറത്തേയ്ക്ക് വന്നു. തലകറങ്ങി വീഴുമെന്നായപ്പോള്‍ ഞാന്‍ പിറകില്‍ നിന്ന് കൂട്ട അലര്‍ച്ചകള്‍ കേട്ടു. എന്നെ രക്ഷിക്കാനായി ഓടിയെത്തിയ ഗ്രാമീണരുടെ അലര്‍ച്ചയായിരുന്നു അത്. അതോടെ പേടിച്ചരണ്ട കടുവ കാട്ടിലേയ്ക്ക് ഓടി’ മനുഷ്യമാംസം തേടി വീട്ടിലെത്തിയ കടുവയെ പ്രണയിച്ച് മയക്കിയ അതിസുന്ദരി, പിന്തുടര്‍ന്ന കടുവയെ തെക്കും വടക്കും നീന്തിച്ച് തളര്‍ത്തിയ മുക്കുവന്‍, പട്ടിണികണ്ട് സഹതാപത്തോടെ തിരിച്ചുപോയ പുളളിക്കടുവ എന്നിങ്ങനെ ബുദ്ധികൊണ്ടും ശക്തികൊണ്ടും അതിജിവനം നടത്തിവരുടേയും കാരുണ്യവാന്‍മാരായ കടുവകളുടേയുമെല്ലാം നൂറുനുറുകഥകള്‍ സുന്ദര്‍ഭാനില്‍ കേള്‍ക്കാം.
സുന്ദര്‍ബാനിന്റെ ദുരന്തമുഖമാണ് ദേവുല്‍ബാഡി ഗ്രാമം. ദേവുല്‍ബാഡി വിധവകളുടെ ഗ്രാമമാണ്.കടുവകളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ നിരാലംബരായ വിധവകളുടെ ഗ്രാമം.

റായ്ഡിഖിയില്‍ നിന്ന് കണ്ടല്‍ വനങ്ങള്‍ക്കിടയിലെ കായര്‍പ്പരപ്പിലൂടെയുളള ബോട്ട് യാത്രയ്ക്കും ഒരുവിള കൃഷി മാത്രമായി ചുരുങ്ങിയ നെല്‍പാടങ്ങള്‍ക്കിടയിലൂടെയുളള മോട്ടോര്‍ റിക്ഷായാത്രയ്ക്കും ശേഷമാണ് ദേവുല്‍ബാഡിയിലെ വിധവാ ഗ്രാമത്തിലെത്തിയത്. ഗ്രാമത്തില്‍ നിറയെ വൃദ്ധകളും മധ്യവയസ്‌ക്കരുമായ സ്ത്രീകള്‍. എവിടെയൊക്കെയോ ചില പുരുഷന്‍മാരെ കണ്ടു.

അപരിചിതനെ കണ്ടപ്പോള്‍ വിധവകള്‍ പയ്യാരങ്ങളുടെ ഭാണ്ഡമഴിച്ചു. ഒട്ടുമിക്കവര്‍ക്കും താല്പര്യം ദുരന്തങ്ങളുടെ ചരിത്രത്തിലാണ്. ‘തേനെടുക്കാന്‍ പോയ എന്റെ ഭര്‍ത്താവിനെ കടുവ ക!ഴുത്തില്‍ കടിച്ചുകൊന്നു’ ‘കടുവയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കായലില്‍ ചാടിയ എന്റെ ഭര്‍ത്താവിന് കരപറ്റാനായില്ല.മുങ്ങിമരിച്ചു.’ ‘രാവിലെ വാതില്‍ തുറന്നപ്പോ!ഴതാ വീട്ടുമുറ്റത്ത് കുടല്‍മാല പുറത്ത് ചാടിയ എന്റെ ഭര്‍ത്താവ് കിടക്കുന്നൂ’ ‘ഭര്‍ത്താവിനെ കടുവ കൊന്നതോടെ ഭര്‍തൃവീട്ടുകാര്‍ എന്നെ ഉപേക്ഷിച്ചു. അതോടെ ഞാന്‍ ജീവിതം തേടി ദേവുല്‍ബായിയിലെത്തി.’
ദേവുല്‍ബാഡിയില്‍ ഇരുനൂറോളം വിധവകളുണ്ട്. ഇവരിലെ ബഹുഭൂരിഭാഗവും നിരാലംബരാണ്.കൂട്ടായ്മയോടെ കൃഷിയിറക്കിയും മീന്‍പിടിച്ചും കുട്ടനെയ്തും കടുവകളെ ആട്ടിയകറ്റിയും ഇവര്‍ ജീവിക്കുന്നു.

sundarban5

പണ്ടെല്ലാം ദേവുല്‍ബാഡി പൂര്‍ണ്ണമായും ഒറ്റപ്പെട്ട ഗ്രാമമായിരുന്നു. എന്നാല്‍ ഇന്ന് സഹായിക്കാന്‍ പലരുമുണ്ട്. ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെയുളള പദ്ധതികളും ബിലീവേഴ്‌സ് ചര്‍ച്ച് ഉള്‍പ്പെടെയുളള സന്നദ്ധസംഘടനകള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇവര്‍ക്ക് വലിയ ആശ്വാസമാണ്. എന്നാല്‍ എല്ലാറ്റിനേയും കീഴ്‌മേല്‍ മറിക്കുന്ന ഒരു പുതിയ വില്ലന്‍ ഇവരുടെ ഉറക്കം കെടുത്തുന്നു. ‘കാലാവസ്ഥാ വ്യതിയാനം’

ജ്യോതിര്‍മയി ദേവിയെന്ന എഴുപതുകാരിയാണ് അവരുടെ മണ്ണിനും വെളളത്തിനും വായുവിനുമുണ്ടായ മാറ്റങ്ങള്‍ നിറകണ്ണുകളോടെ വിവരിച്ചത്. ‘പണ്ടെല്ലാം വര്‍ഷത്തില്‍ മൂന്ന് തവണ കൃഷിയിറക്കിയിരുന്നു. ഇപ്പോഴിത് വര്‍ഷത്തില്‍ ഒന്നായി ചുരുങ്ങി. കടലില്‍ നിന്നുളള ഉപ്പുവെളളം ഉള്‍ഗ്രാമങ്ങളിലെ കുളത്തിലും കിണറുകളിലും നിറഞ്ഞു. തടാകത്തിലെ മത്സ്യസമ്പത്ത് മൂന്നിലൊന്നായി ചുരുങ്ങി’.

sundarban1

2007ല്‍ സിഡര്‍ കൊടുങ്കാറ്റ് സുന്ദര്‍ബാനെ പിടിച്ചുലച്ചു. ബംഗ്ലാദേശ് മേഖലയില്‍ വ്യാപകമായ നാശമുണ്ടായി. അതോടെ ആ മേഖലകളിലെ കടുവകള്‍ കൂട്ടത്തോടെ ഇന്ത്യന്‍ മേഖലയിലെ കണ്ടല്‍ വനങ്ങളിലെത്തി. സുന്ദര്‍ബാനിലുണ്ടായ മാറ്റങ്ങള്‍ കണ്ടലുകളിലെ ആവാസവ്യവസ്ഥയെ സാരമായി ബാധിച്ചു. ‘വിശപ്പടക്കാന്‍ ഇരകളെ കിട്ടാതെ കടുവകള്‍ ഇപ്പോള്‍ അലഞ്ഞുതിരിയുകയാണ്. മനുഷ്യമാസം തേടി കടുവകള്‍ ഗ്രാമങ്ങളിലെത്തുന്നത് നിത്യസംഭവമാവുന്നു.’

ദേവുല്‍ബാഡിയിലെ വിധവകള്‍ ആശങ്കാകുലരാണ്. വരും നാളുകളില്‍ വിധവകളുടെ എണ്ണം കൂടുമോഎന്നതാണ് ആശങ്ക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News