ദില്ലിയില്‍ വീണ്ടും വംശീയ ആക്രമണം; നൈജീരിയന്‍ വിദ്യാര്‍ത്ഥികളെ ജനക്കൂട്ടം തല്ലി ചതച്ചു; ദൃശ്യങ്ങള്‍ പുറത്ത്

ദില്ലി: നൈജീരിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ദില്ലിയില്‍ വീണ്ടും വംശീയ ആക്രമണം. പ്ലസ്ടു വിദ്യാര്‍ത്ഥി മരണപ്പെട്ടതിന് കാരണക്കാരെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികളെ ജനകൂട്ടം ആക്രമിച്ചത്. ദില്ലിയിലെ ഗ്രേറ്റര്‍ നോയിഡയിലെ മാളിലാണ് സംഭവം. നാല് നൈജീരിയന്‍ വിദ്യാര്‍ഥികളാണ് വംശീയ അതിക്രമത്തിന് ഇരയായത്.

ഗ്രേറ്റര്‍ നോയിഡയിലെ അന്‍സാല്‍ പ്ലാസയില്‍ നിന്നും മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ചിത്രീകരിച്ച ദൃശ്യം ഫേസ്ബുക്കിലൂടെ ഇന്ത്യയിലെ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് പുറത്തുവിട്ടത്. ആക്രമികളുടെ മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടാന്‍ കൈകള്‍ കൊണ്ട് പ്രതിരോധം തീര്‍ത്ത് നിലത്ത് ഇഴയുന്ന ആഫ്രിക്കന്‍ യുവാക്കളുടെ ദൃശ്യമാണ് പുറത്തുവന്നത്. ക്രൂര മര്‍ദ്ദനമായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടിവന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്.

കാഴ്ചക്കാരായി നിരവധി പേരുണ്ടെങ്കിലും ആരും വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ മുന്നോട്ടുവന്നില്ല. കയ്യില്‍ കിട്ടിയതുകൊണ്ടെല്ലാം ജനക്കൂട്ടം യുവാക്കളെ മര്‍ദ്ദിച്ചു.

പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച നടന്ന പ്രതിഷേധ മാര്‍ച്ചിനിടെയാണ് നൈജീരിയന്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടത്. നോയിഡയില്‍ ആഫ്രിക്കന്‍ വംശജര്‍ താമസിക്കുന്ന പാരി ചൗകില്‍ പ്ലസ്ടു വിദ്യാര്‍ഥി മയക്കുമരുന്നിന്റെ അമിതോപയോഗം മൂലം മരണപ്പെട്ടിരുന്നു. മറ്റൊരു വിദ്യാര്‍ഥിയെ മയക്കുമരുന്നു കേസില്‍ പിടികൂടുകയും ചെയ്തു. വിദേശ പൗരന്‍മാരായ ഇവര്‍ കുട്ടികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പന നടത്തുകയാണെന്നാരോപിച്ചായിരുന്നു പ്രതിഷേധപ്രകടനം.

ഗ്രേറ്റര്‍ നോയിഡയിലെ സര്‍വകലാശാലകളില്‍ നിരവധി ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നോയിഡയില്‍ കഴിയുന്നത് ജീവന് ഭീഷണിയാണെന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ആഫ്രിക്കന്‍ പൗരനായ സാദിഖ് ബെല്ലോ ട്വിറ്ററിലൂടെ സുഷമ സ്വരാജിനോട് ആവശ്യപ്പെട്ടിരുന്നു. നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം നടത്തുമെന്ന് കേന്ദ്രം ഉറപ്പു നല്‍കുന്നതായി സുഷമ സ്വരാജ് പിന്നീട് ട്വിറ്ററില്‍ കുറിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here