എ.കെ ശശീന്ദ്രനെതിരായ ആരോപണം അന്വേഷിക്കാനുള്ള ജുഡീഷ്യൽ കമ്മിഷനെ ഇന്നു തീരുമാനിക്കും; ടേംസ് ഓഫ് റഫറൻസും മന്ത്രിസഭായോഗം ചർച്ച ചെയ്യും; ശശീന്ദ്രനെ കുടുക്കിയതെന്നു എൻസിപി

തിരുവനന്തപുരം: എ.കെ ശശീന്ദ്രനെതിരായ ലൈംഗിക ആക്ഷേപ കേസ് അന്വേഷിക്കുന്നതിനുള്ള ജുഡീഷ്യൽ കമ്മിഷനെ ഇന്നു തീരുമാനിക്കും. വിരമിച്ച ജഡ്ജി അന്വേഷിക്കണോ അതോ സിറ്റിംഗ് ജഡ്ജി അന്വേഷിക്കണോ എന്ന കാര്യത്തിലാണ് മന്ത്രിസഭാ യോഗം ഇന്നു തീരുമാനം എടുക്കുക. കമ്മിഷൻ ടേംസ് ഓഫ് റഫറൻസ് സംബന്ധിച്ചും മന്ത്രിസഭായോഗം ഇന്നു ചർച്ച ചെയ്ത് തീരുമാനിക്കും. ശശീന്ദ്രനു പാർട്ടി പൂർണ പിന്തുണ ഉറപ്പു നൽകിയിട്ടുണ്ട്. അതേസമയം, നിലവിലത്തെ ചീഫ് സെക്രട്ടറി ഇന്നു വിരമിക്കുന്ന സാഹചര്യത്തിൽ പുതിയ ചീഫ് സെക്രട്ടറിയേയും മന്ത്രിസഭായോഗം ഇന്നു പ്രഖ്യാപിക്കും. ഉദ്യോഗസ്ഥതലത്തിൽ അഴിച്ചുപണി ഉണ്ടായേക്കും.

ശശീന്ദ്രനെതിരായ ആരോപണം ജുഡീഷ്യൽ കമ്മിഷൻ അന്വേഷിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് പ്രഖ്യാപിച്ചത്. കുറ്റമേറ്റല്ല, ധാർമികതയുടെ പേരിലാണ് ശശീന്ദ്രന്റെ രാജിയെന്നും ശശീന്ദ്രന്റെ ധാർമികത പൊതുസമൂഹം അംഗീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മന്ത്രിസ്ഥാനം രാജിവച്ച ശശീന്ദ്രന്റെ ഒഴിവിൽ തോമസ് ചാണ്ടിയെ മന്ത്രിയാക്കാനാണ് എൻസിപിയുടെ തീരുമാനം. ഇന്നലെ ചേർന്ന എൻസിപി നേതൃയോഗത്തിൽ എ.കെ ശശീന്ദ്രൻ തന്നെയാണ് തോമസ് ചാണ്ടിയുടെ പേര് നിർദേശിച്ചത്.

നിരപരാധിത്വം തെളിഞ്ഞാൽ ശശീന്ദ്രനെ വീണ്ടും മന്ത്രിസ്ഥാനത്ത് എത്തിക്കുമെന്ന് എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരത് പവാർ ദില്ലിയിൽ പറഞ്ഞു. ശശീന്ദ്രനെതിരായ ജൂഡീഷ്യൽ അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമോ, തോമസ്ചാണ്ടിയെ മന്ത്രിയായി നിർദേശിക്കണമോയെന്ന് എൻസിപി ദേശീയ നേതൃതം പിന്നീട് തീരുമാനിക്കുമെന്നും ശരത് പവാർ വ്യക്തമാക്കി. സത്യസന്ധനെ കുടുക്കിയെന്നാണ് പാർട്ടി പൊതുനിലപാട്. ശശീന്ദ്രൻ ആത്മാർത്ഥതയുള്ള നേതാവാണെന്നും ശരത് പവാർ പറഞ്ഞു.

ശശീന്ദ്രനു പകരം മന്ത്രിയാകാൻ തയ്യാറാണെന്നു തോമസ് ചാണ്ടി എംഎൽഎ വ്യക്തമാക്കിയിരുന്നു. മന്ത്രിയാകാൻ യോഗ്യതയുള്ളവർ പാർട്ടിക്കുള്ളിൽ തന്നെ ഉണ്ട്. വകുപ്പ് എൻസിപിക്ക് അവകാശപ്പെട്ടതാണ്. അതു മറ്റാർക്കും വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും തോമസ് ചാണ്ടി വ്യക്തമാക്കിയിരുന്നു. എ.കെ ശശീന്ദ്രന്റെ ടെലിഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ഗൂഢാലോചന ഇല്ലെന്നും തോമസ് ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News