തിരുവനന്തപുരം: കിണറായി ചുരുങ്ങിയ ഒരു പുഴയുടെ കഥ പറയാനുണ്ട്. ഒരു ഗ്രാമം ഒന്നടങ്കം കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന നൊമ്പരകഥ. അടുത്തദിവസം വരെ സമൃദ്ധമായി ഒഴുകിയിരുന്ന അമ്പൂരി ഗ്രാമത്തിലെ പന്തപ്ലാമൂട് പുഴ ഇന്നു ഒരു കിണറോളം ചുരുങ്ങിയിരിക്കുകയാണ്. പുഴ കിണറിലേക്ക് ചുരുങ്ങിയതിന്റെ പ്രത്യാഘാതമേറ്റു വാങ്ങുകയാണ് ഇന്ന് ഈ ഗ്രാമം.
വേനലിൽ പ്രകൃതിക്കുണ്ടാകുന്ന പലതരം പരിണാമങ്ങൾ നാം കാണാറുണ്ട്. വരൾച്ചയുടെ കാഠിന്യം കൂടുമ്പോൾ ആ മാറ്റങ്ങളും അസാധാരണമാകും. അത്തരത്തിലൊന്നാണ് തിരുവനന്തപുരം, അമ്പൂരിയിലേത്. പുഴയുടെ കണ്ണീരാണ് ഇന്ന് ഈ നാടിന്റെ കുടിനീർ. ഒരു ചെറിയ കിണറായി ചുരുങ്ങുന്നതിനു മുമ്പ് സമൃദ്ധമായി ഒഴുകിയിരുന്ന കഥ പറയാനുണ്ട് ഈ പുഴയ്ക്ക്. ഏറെയൊന്നും കാലപ്പഴക്കമില്ലാത്ത കഥ.
തിരുവനന്തപുരത്തെ അമ്പൂരി എന്ന ഗ്രാമത്തിന്റെ ആശ്രയവും അഭിമാനമായിരുന്നു ഒരിക്കൽ പന്തപ്ലാമൂട് പുഴ. അതാണ് വേനലിന്റെ കാഠിന്യത്തിൽ ദിവസങ്ങൾക്കകം മെലിഞ്ഞ് ഇല്ലാതായത്. നാലുമാസം മുമ്പ് നാലാൾപൊക്കത്തിൽ വെള്ളമൊഴുകിയിരുന്ന മണ്ണിൽ ഇന്ന് മൂന്നാൾ താഴ്ചയിലാണ് ജലനിരപ്പ്. പുഴ ഒഴുകിയ സ്ഥാനത്തുള്ള ചെറിയ കിണർ മാത്രമാണ് ഇപ്പോൾ പ്രദേശവാസികളുടെ ഏക കുടിവെള്ള സ്രോതസ്സ്.
നിറഞ്ഞൊഴുകുന്ന നല്ല നാളുകൾ സ്വപ്നം കണ്ട് മഴയ്ക്കായി കാത്തിരിക്കുകയാണ് ഇന്ന് ഈ പുഴയും ഒരു ദേശവും. കേരളം നേരിടുന്ന കൊടും വരൾച്ചയുടെ ഉത്തമോദാഹരണമാണ് വറ്റിവരണ്ട ഈ പുഴ. ഇതുപോലൊരു വരൾച്ച ഇതുവരെയുണ്ടായിട്ടില്ലെന്ന് പ്രദേശവാസികളും സാക്ഷ്യപ്പെടുത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here