ആനപ്പേടിയിൽ ആറളത്തെ ആദിവാസി കുടുംബങ്ങൾ; കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നു; അധികൃതരുടെ പ്രതിരോധ നടപടികൾ ഫലം കണ്ടില്ല

കണ്ണൂർ: ആനപ്പേടിയിൽ ജീവിതം തള്ളിനീക്കുകയാണ് കണ്ണൂർ ആറളം ഫാമിൽ താമസക്കാരായ നൂറു കണക്കിന് ആദിവാസി കുടുംബങ്ങൾ. കാട്ടാനകളുടെ ഭീഷണിക്ക് നടുവിലാണ് ഇവരുടെ ജീവിതം. കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നത് പ്രതിരോധിക്കാൻ അധികൃതർ കൈക്കൊണ്ട എല്ലാ നടപടികളും വൃഥാവിലായി. കുറഞ്ഞ കാലയളവിനുള്ളിൽ മൂന്നു പേരാണ് ഇവിടെ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്.

കേരള, കർണ്ണാടക വനങ്ങളിൽ നിന്നും ആഹാരവും വെള്ളവും തേടിയാണ് ആറളം ഫാമിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങുന്നത്. വിളകൾക്കൊപ്പം സീസണൽ പഴമായ കശുമാങ്ങയും ആനകൾക്ക് ഇഷ്ടമാണ്. ആറളം ഫാമിൽ കശുമാവിൻ തോട്ടങ്ങളുണ്ട്. ജലാശയങ്ങളും ആനകളെ ഇങ്ങോട്ടേക്ക് ആകർഷിക്കുന്നു.

കഴിഞ്ഞ ദിവസം പത്താം ബ്ലോക്കിൽ എത്തിയ കാട്ടാനകൾ വിളകൾ നശിപ്പിച്ചതിനൊപ്പം കൃഷ്ണൻ എന്ന ആദിവാസി യുടെ കുടിലും തകർത്തു. ആന വരുന്നറിഞ്ഞ് കുടുംബം ഓടി രക്ഷപ്പെട്ടു.  രോഗിയായ അമ്മയെയും കുട്ടികളെയും എടുത്ത് ഓടി രക്ഷപ്പെടുവാൻ ഇവർ ഏറെ പ്രയാസപ്പെട്ടു. സമീപത്തെ വീട്ടിൽ മുറ്റത്തുവരെ ചെന്ന ആന തെങ്ങിൻ തൈകൾ നശിപ്പിച്ചു മടങ്ങി.

വീട് ആക്രമിച്ചിരുന്നെങ്കിൽ വീൽചെയറിൽ കഴിയുന്ന കുടുംബനാഥന് രക്ഷപ്പെടുവാൻ കഴിയുമായിരുന്നില്ല. രണ്ടാഴ്ച മുമ്പ് അമ്മിണി എന്ന സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. കമ്പിവേലി, കിടങ്ങ്, വൈദ്യുതി വേലി തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ അവലംബിച്ചെങ്കിലും ഇവയെല്ലാം കാട്ടാനകൾ അതിജീവിച്ചു. ഭയപ്പെടുത്തി വനപാലകൾ ഇവയെ കാട്ടിലേക്ക് മടക്കാറുണ്ടെങ്കിലും വൈകാതെ തിരിച്ചെത്തും. ജീവിത ദുരിതങ്ങൾക്കിടയിൽ ആദിവാസികൾ ആനപ്പേടി കൂടി അനുഭവിക്കുകയാണ് ആറളം ഫാമിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News